കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി ഇന്‍സ്പക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
വീണ്ടും കസ്റ്റഡി അപേക്ഷ നല്കാത്തതിനാല് ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്ട്രേറ്റുമാര്‍ അവധിയായതിനെത്തുടര്ന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ജോളിയെ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കോടതി ഉത്തരവ് ലഭിച്ചാലുടൻ കുറ്റ്യാടി ഇൻസ്പെക്ടർ സുനിൽകുമാർ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തം. തുടർന്ന് കസ്റ്റഡിയിൽ വാങ്ങും.
2014 ഏപ്രില്‍ 24 ന് രാവിലെ പത്തിനാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു കൊല്ലപ്പെട്ടത്. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ് മോര്‍ട്ടം ചെയ്യിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു രണ്ടാം പ്രതിയും, പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്. ആല്ഫൈന് വധകേസില്‍ രണ്ടാം പ്രതിയായ എം.എസ്. മാത്യുവിനെ കൂടുതല്‍ തെളിവെടുപ്പിനായി തിരുവമ്പാടി സിഐ ഷജു ജോസഫ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി.
അഞ്ചു കേസുകളില്‍ പ്രതിയായ മാത്യുവിനെ നേരത്തെ റോയ് തോമസ്, സിലി വധക്കേസിലും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രജികുമാറില്‍ നിന്നും സംഘടിപ്പിച്ച സയനൈഡ് ജോളിയ്ക്ക് എത്തിച്ചുനല്‍കിയത് ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ എം.എസ്. മാത്യുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിലി വധക്കേസില്‍ മാത്യുവിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.