താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ ഇരയായ പൊന്നാമറ്റം വീട്ടില്‍ അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു എന്ന എ.എം. മാത്യു (67) വധക്കേസിലും മുഖ്യപ്രതി ജോളി എന്ന ജോളിയമ്മ ജോസഫി (47) നെ അറസ്റ്റ് ചെയ്യാന്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുമതി നല്കി.
ശനിയാഴ്ച രാവിലെയാണ് എപിപി മുഖേന കേസിന്റെ അന്വേഷണ ചുമതലയുള്ള കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ അനുമതി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കുന്നത് വൈകുന്നേരത്തേക്ക് നീട്ടിയ കോടതി ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേര്‍ന്നതോടെ അപേക്ഷ പരിഗണിച്ച് മജിസ്ട്രേറ്റ് അറസ്റ്റിന് അനുമതി നല്‍കുകയായിരുന്നു.
2014 ഏപ്രില്‍ 24 നാണ് ടോംതോമസിന്റെ ഭാര്യാസഹോദരനായ മാത്യു കൊല്ലപ്പെട്ടത്. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യിക്കാന്‍ നിര്‍ബന്ധം പിടിച്ച മാത്യുവിനെ ജോളി മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ മാത്യു രണ്ടാം പ്രതിയും പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.
ആറുപേര്‍ കൊല്ലപ്പെട്ട കൊലപാതക പരമ്പരയില്‍ റോയ് തോമസ്, സിലി സെബാസ്റ്റിയന്, ആല്ഫൈന് എന്നിവരെ കൊലപ്പെടുത്തിയകേസിലാണ് ജോളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്. ഇതില്‍ ആല്ഫൈന് വധക്കേസിന്റെ പോലീസ് കസ്റ്റഡി ഇന്ന് വൈകുന്നേരം നാലോടെ കഴിയുന്ന സാഹചര്യത്തില്‍ ജോളിയെ ഞായറാഴ്ചയായതിനാല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കേണ്ടതുണ്ട്. അതിനാല്‍ പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി തിങ്കളാഴ്ചയോ അതിന് ശേഷമോ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അന്നമ്മ തോമസ്, ടോം തോമസ് എന്നിവരുടെ വധക്കേസുകളിലാണ് ഇനിയും ജോളിയെ അറസ്റ്റ് ചെയ്യാനുള്ളത്. എം.എസ്. മാത്യുവിനെ റോയ്, സിലി വധക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം നടത്തിയത്. അഞ്ച് കേസുകളില്‍ രണ്ടാം പ്രതിയായ ഇയാള്‍ ഇനി മൂന്ന് കേസുകളിലും കൂടി അറസ്റ്റിലാകാനുണ്ട്. നാലു കേസുകളില്‍ പ്രതിയായ പ്രജുകുമാറിനെ റോയ് തോമസ് കേസില്‍ മാത്രമാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്.