കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി സിപിഎം പ്രദേശിക നേതാവിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നു. ജോളിക്ക് വേണ്ടി മധ്യസ്ഥ ചര്‍ച്ച നടത്തിയ നേതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് രഹസ്യമായി പരിശോധിക്കുന്നത്. അതേസമയം ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് പരസ്യമാക്കിയ ആള്‍ക്കെതിരേ നേതാവ് പോലീസില്‍ നൽകിയ പരാതിയിലും താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ജോളിയുമായി ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്‍സനുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സിപിഎം നേതാവ് ഉൾപ്പെടെ മധ്യസ്ഥചർച്ച നടത്തിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിട്ടും ജോളിയുമായി അടുത്തതിന് ശേഷം വീട്ടിലേക്ക് ചെലവിനുള്ള പണം പോലും ജോണ്സണ് നല്‍കാതായിരുന്നു. ജോളിയുമായുള്ള ബന്ധം ജോണ്സന്റെകുടുംബ ജീവിതത്തേയും ബാധിച്ചു. ജോണ്‍സന്റെ വഴിവിട്ട ബന്ധമറിഞ്ഞ ഭാര്യ ഇക്കാര്യം സഹോദരങ്ങളെയും ബന്ധുക്കളേയും ധരിപ്പിച്ചിരുന്നു.
ബന്ധുക്കള്‍ ജോളിയുമായി ബന്ധപ്പെട്ട് നിരവധി തവണ ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോളി തയാറായില്ല. തുടര്‍ന്ന് കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരൻ ബാബുവിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. സഹോദരന് നേരില്‍ വന്ന് ജോളിയുമായി സംസാരിക്കാമെന്നും ഇതില്‍ നിന്ന് ജോളിയെ പിന്തിരിപ്പിക്കാമെന്നും പറഞ്ഞു.
വഴിവിട്ട ബന്ധത്തെക്കുറിച്ച് സഹോദരന് അറിഞ്ഞ കാര്യം ജോളിയും മനസിലാക്കി. ഇതോടെ ജോളി സിപിഎം നേതാവിന്റെ സഹായം തേടിയെന്ന് ജോൺസന്റെ ഭാര്യാസഹോദരൻ ഒരു ചാനലിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. നേതാവ് ജോളിയുടെ ഉറ്റബന്ധുക്കളെ വിളിക്കാതെ അകന്ന ബന്ധുവിനെ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്നും ജോളിയുടെ വീട്ടിലെത്തിച്ച ചര്‍ച്ച നടത്താമെന്നും അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മറ്റൊരു പ്രമുഖനേയും വിളിച്ചുവരുത്തി ജോളിയുടെ പൊന്നാമറ്റത്തെ വീട്ടില്‍ ചര്‍ച്ച നടത്തി. ബന്ധത്തില്‍ നിന്ന് പിന്മാറാമെന്ന് ജോളി സമ്മതിച്ചതായി ഇവര്‍ ജോണ്‍സന്റെ ഭാര്യയെ അറിയിച്ചു.
പിന്നീട് ജോണ്സണ് ഭാര്യയെ കൊണ്ട് കട്ടപ്പനയിലെ ജോളിയുടെ സഹോദരനെ വിളിപ്പിക്കുകയും പ്രശ്നം പരിഹരിച്ചെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സഹോദരന് കോഴിക്കോട്ടേക്കുള്ള യാത്ര ഒഴിവാക്കി. ജോളിക്ക് എതിരുനിൽക്കുമെന്നതാണ് സഹോദരൻ ബാബുവിനെ ഒഴിവാക്കാൻ ജോളിയെ പ്രേരിപ്പിച്ചത്.
സിപിഎം നേതാവ് ചെയ്തത് ശരിയാണെന്ന നിലപാടായിരുന്നു അക്കാലത്ത് ജോണ്‍സന്റെ ഭാര്യയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഉറ്റബന്ധുക്കളെ വിളിക്കാതെ ചര്‍ച്ച നടത്തിയതില്‍ വിഷമം അറിയിക്കുകയും ചെയ്തു. കൂടത്തായ് കൊലപാതക പരമ്പര പുറത്തറിഞ്ഞതോടെ അന്ന് നടന്ന ചര്‍ച്ചയെ കുറിച്ച് പലരോടും പറഞ്ഞിരുന്നുവെന്നും ഇതറിഞ്ഞ നേതാവ് പോലീസില്‍ മാനനഷ്ടത്തിന് കേസ്കൊടുത്തുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ചര്‍ച്ച നടത്തിയ കാര്യം നേതാവ് ബോധപൂര്‍വം മറിയ്ക്കാന് ശ്രമിക്കുകയാണെന്നും എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നേതാവിനെ കുറിച്ച് അന്വേഷണസംഘത്തിന് മൊഴി നല്കാന് തയാറാണെന്നുമാണ് പറയുന്നത്.
ജോളിയെ വഴിവിട്ട് സഹായിച്ച ചാത്തമംഗലത്തെ നേതാവിനെതിരെ സിപിഎം നടപടി എടുത്തിരുന്നു. ഈ ഭയം മൂലമാണ് പ്രാദേശിക നേതാവിപ്പോൾ അപകീർത്തി കേസ് കൊടുത്തതെന്ന് ജോൺസന്റെ ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് നേതാവിന് ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് അന്വേഷിക്കുന്നത്.