ബാബു ചെറിയാൻ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് അന്വേഷണത്തിൽ വൻ അട്ടിമറി നടന്നതായി ആരോപണം. പത്തോളം പേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയും പ്രതികളാകേണ്ടവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയും കൂടത്തായി എന്ന സീരിയലിന് കളമൊരുക്കിയും വലിയ അട്ടിമറി നടന്നതായാണ് ചില ബന്ധുക്കളുടെ ആരോപണം .
പൊന്നാമറ്റം ഷാജുവിന്റെ ആദ്യ ഭാര്യ സിലി കൊല്ലപ്പെട്ട കേസിൽ ഷാജുവിന്റെ പിതാവ് സക്കറിയയെയും ഒന്നര വയസുകാരി ആൽഫൈൻ സയനൈഡ് ഉള്ളിൽചെന്ന് മരിച്ച കേസിൽ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കാൻ കുറ്റപത്രം മാറ്റിയെഴുതിയെന്നും ആരോപിക്കപ്പെടുന്നു.
ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്നാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ട അവസാന തീയതിക്കു തൊട്ടുമുൻപായി ആറ് പേജ് മാറ്റിയെഴുതിയത്. ഇതിന്റെ രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.
അട്ടിമറി നടന്നതിനെക്കുറിച്ച് പോലീസ് ഇന്റലിജൻസും വിവരം ശേഖരിച്ചതായി അറിയുന്നു. അട്ടിമറി നടന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ചുവെന്ന് റവന്യുവകുപ്പും പോലീസും കണ്ടെത്തിയ ആളെ പോലും പ്രതിചേര്‍ത്തിട്ടില്ല. പ്രതികളാകേണ്ട പത്തോളം പേരെ ഒഴിവാക്കിയത് രേഖകളുടെ പിൻബലത്തിൽ കോടതിയെ ധരിപ്പിക്കാനാണ് ബന്ധുക്കളുടെ നീക്കം.
കേസിൽ ആദ്യഘട്ടം പോലീസ് അന്വേഷണം തൃപ്തികരമായിരുന്നെങ്കിലും പിന്നീട് കേസ് ഒതുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സാക്ഷികളിൽ ചിലർതന്നെ ആരോപിക്കുന്നു. ജോളി ഉള്‍പ്പെടെ കേസില്‍ മൂന്നുപേരെ മാത്രമായിരുന്നു പ്രതിചേര്‍ത്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുതൽ ജോളിയുടെ ബന്ധുക്കള്‍ക്കു വരെ കേസുമായി ബന്ധമുണ്ടെന്ന് ചില പ്രമുഖ സാക്ഷികൾ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ സംഘം നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
കല്ലറകൾ തുറന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കാത്തതും കേസ് അട്ടിമറിക്കാനാണെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് പറഞ്ഞ് പോലീസ് ബന്ധുക്കളെ സമീപിച്ചതായും അറിയുന്നു.
എന്നാൽ, മുഴുവൻ പ്രതികളെയും അറസ്റ്റ്ചെയ്യും വരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബന്ധപ്പെട്ടവർ രാഷ്ട്രദീപികയോട് പ്രതികരിച്ചു.