കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യനെ നേരെ മൂന്ന് തവണ വധശ്രമമുണ്ടായതായി കണ്ടെത്തല്‍. രണ്ട് തവണ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ജോലിസ്ഥലത്ത് സിലി അബോധാവസ്ഥയിലായതിനെ കുറിച്ച് ഇതുവരേയും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. സിലിയുടെ ബന്ധുവാണ് നിര്‍ണായകമായ വിവരം നൽകിയത്. താമരശേരിയിലെ ഒരു തടിമില്ലില്‍ സിലി ജോലി ചെയ്തിരുന്നു. രാവിലെ പതിവായി ജോലിക്കു പോകാറുള്ള സിലി ഒരു തവണ ജോലി സ്ഥലത്ത് വച്ച് അബോധാവസ്ഥയിലായി.
കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധു പറഞ്ഞു. വീട്ടില്‍ നിന്നും കൊണ്ടുപോയ വെള്ളവും ഭക്ഷണവും കഴിച്ചതിന് ശേഷമായിരുന്നു അബോധാവസ്ഥയിലായത്. കൂടാതെ വായയില്‍ നിന്ന് നുരയും പതവും വന്നിരുന്നു. അസുഖമൊന്നുമില്ലാത്ത സിലി ബോധരഹിതയായതിനെ തുടര്‍ന്ന് ജോലിസ്ഥലത്തെ മറ്റു ജീവനക്കാര്‍ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നയുടന്‍ തന്നെ സിലിയുടെ ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലേക്ക് ജീവനക്കാര്‍ വിളിച്ചറിയിച്ചിരുന്നു. വീട്ടില്‍ ഷാജുവിന്റെ പിതാവ് സക്കറിയാസ് മാത്രമായിരുന്നുള്ളത്.
വിവരം ഷാജുവിന്റെ കോഴിക്കോട് നഗരത്തിലുള്ള ബന്ധുക്കളും അറിഞ്ഞു. ഇവര്‍ ആശുപത്രിയിലെത്തിയിട്ടും സക്കറിയാസ് എത്തിയില്ല. മണിക്കൂറുകള്‍ക്ക് ശേഷമായിണ് സക്കറിയാസ് എത്തിയത്. അസുഖ വിവരം അറിഞ്ഞിട്ടും സക്കറിയാസ് എത്താന്‍ മണിക്കൂറുകൾ വൈകിയതില്‍ ബന്ധുക്കള്‍ അതൃപ്തരായിരുന്നു. ഇത് മനസിലാക്കിയ സക്കറിയാസ് കാറില്ലാത്തതിനാലാണ് വൈകിയതെന്ന് പറഞ്ഞു.
സിലിയെ ചികിത്സിച്ച ഡോക്ടറോടും മറ്റും സക്കറിയാസായിരുന്നു സംസാരിച്ചിരുന്നത്. വിഷാംശം ഉള്ളില്‍ ചെന്നതാണോ കാരണമെന്നതിനെ കുറിച്ചൊന്നും സക്കറിയാസ് തുറന്നു പറഞ്ഞിരുന്നില്ല. അദ്ഭുതകരമായാണ് അന്ന് സിലി രക്ഷപ്പെട്ടത്. കൂടത്തായി കൊലപാതക പരമ്പരയില്‍ സക്കാറിയാസിനേയും ഷാജുവിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ബന്ധുക്കള്‍ ഇക്കാര്യത്തെ കുറിച്ചോര്‍ത്തത്.
സിലി ജോലിസ്ഥലത്തേക്ക് കൊണ്ടു പോയിരുന്ന ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ജോളിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ചോദിച്ചറിയാനാണ് സിലി വധകേസിലെഅന്വേഷണസംഘത്തിന്റെ തീരുമാനം.കോഴിക്കോട് ആശുപത്രിയിലെ സിലിയുടെ അന്നത്തെ ചികിത്സാരേഖകളും കസ്റ്റഡിയിലെടുക്കും.
2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. അതിനു മുമ്പ് 2014 ഒക്ടോബറില്‍ കഷായത്തില്‍ സയനൈഡ് കലര്‍ത്തി ജോളി മറ്റൊരു ശ്രമം നടത്തിയിരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് അന്വേഷണസംഘം സിലിയുടെ ചികിത്സാ രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമത്തെ വധശ്രമം 2014 ഡിസംബറിലാണ് നടന്നത്.
സിലിയുടെ പിഞ്ചുകുഞ്ഞ് ആല്ഫൈന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നും സക്കറിയാസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ആല്ഫൈന് മരിക്കുന്നത്. എന്നാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുന്നതിന് സക്കറിയാസ് അനിഷ്ടം പ്രകടിപ്പിച്ചു. ദുർമരണമായതിനാൽ മൃതദേഹം വീട്ടിൽ കയറ്റില്ലെന്നും നേരെ പള്ളിയിലേക്ക് കൊണ്ടുപോയാൽമതിയെന്നും സക്കറിയാസ് പലരോടും പറഞ്ഞിരുന്നു.
എന്നാൽ ബന്ധുക്കളുടെ നിർബന്ധംമൂലം മൃതദേഹം പുലിക്കയത്തെ വീട്ടിൽ എത്തിച്ചെങ്കിലും സക്കറിയാസ് വീട്ടിലേക്ക് പോയില്ലെന്ന് പോലീസ് കണ്ടെത്തി. പിഞ്ചുകുഞ്ഞായ പേരക്കുട്ടിയുടെ മൃതദേഹം പോലും വീട്ടിലെത്തിക്കുന്നതിന് തടസം നിന്ന സക്കറിയാസിന്റെ പ്രവൃത്തിയില്‍ ഇപ്പോഴാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നുന്നത്. 2014 മേയ് മൂന്നിനാണ് ആല്ഫൈന് മരിച്ചത്. ആൽഫൈൻ വധകേസിൽ സക്കറിയാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നറിയുന്നു.