കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള പ്രതി ജോളിക്ക് കസ്റ്റഡിയില്‍ ‘വിഐപി’പരിഗണന. കസ്റ്റഡിയിലിരിക്കെ ജോളിക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളോ മാനസിക ബുദ്ധിമുട്ടുകളോ വരുത്താതെയാണ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയത്.
പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് ജോളിക്ക് താമസസൗകര്യമൊരുക്കിയത്. ഇന്നലെ വൈകിട്ട് വടകരയിലെ റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ചപ്പോൾ ഭയം മുഖത്ത് അലയടിക്കുന്നുണ്ടായിരുന്നു. ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യം വർധിപ്പിച്ച് മാത്രം പുറത്തിറങ്ങാറുള്ള ജോളി ഇന്നലെ കരിവാളിച്ച മുഖവുമായി ഭയചകിതയായാണ് വാഹനത്തിൽനിന്നിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങുന്പോൾ കാലിൽ ചെരിപ്പ് പോലും ഉണ്ടായിരുന്നില്ല.അറസ്റ്റിലായപ്പോൾ ധരിച്ചിരുന്ന അതേ ചുരിദാറായിരുന്നു വേഷം.
ചോദ്യം ചെയ്യുന്നത് പ്രത്യേകമായി സജ്ജീകരിച്ച മുറിയിലാണ്. ജോളി ജയിലില്‍ വച്ച് മാനസികമായി തളര്‍ന്നിരുന്നു. ആത്മഹത്യയെ കുറിച്ചും സഹതടവുകരോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സജ്ജീകരണങ്ങള്‍ പോലീസ് ഒരുക്കുന്നത്.
ചോദ്യം ചെയ്യുന്നതിനിടെ എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകളുണ്ടാവുകയാണെങ്കില് കൗണ്‍സലിംഗിന് വേണ്ട സൗകര്യങ്ങളും പോലീസ് തയാറാക്കിയിട്ടുണ്ട്. ആറു ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ ജോളി കഴിയുക. ഈ ദിവസങ്ങളിലെല്ലാം ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. മാനസികവും ശാരീരികവുമായി തളര്‍ന്ന ജോളിയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വനിതാ പോലീസുകാര്‍ മുഴുവന്‍ സമയം ജോളിക്കൊപ്പമുണ്ടാവും.
അതേസമയം ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പ്രത്യേകം പകർത്തും. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പ്രതികളെ ചോദ്യം ചെയ്യുന്നതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് കൂടത്തായി കേസിലും ചോദ്യം ചെയ്യല്‍ തുടരുന്നത്. ജോളിയുടെ മൊഴി പ്രകാരം തുടരന്വേഷണത്തിനായി പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. കൂടത്തായിയിലെ ആറു മരണങ്ങള്‍ക്കു പുറമേ മറ്റു നാലു മരണങ്ങളില്‍ കൂടി സംശയമുയര്‍ന്നിട്ടുണ്ട്. ഇതില്‍ രണ്ടു മരണം കൂടത്തായിയിലെ തന്നെ ടോംതോമസിന്റെ ബന്ധുക്കളുടേതാണ്.
കൂടാതെ സംശയമുള്ളവരുടെ മൊബൈല്‍ഫോണ്‍ കോളുകളുടെ പൂര്‍ണവിവരങ്ങള്‍ (കോള്ഡീറ്റെയില് റിപ്പോര്‍ട്ട്) പോലീസ് സൈബര്‍സെല്‍ വഴി ശേഖരിച്ചിട്ടുണ്ട്. പോലീസ് സംശയിക്കുന്നവരും കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് അറിയുന്നതിന് ടവര്‍ ഡംപ് പരിശോധനയും നടത്തി. സംശയിക്കുന്നവരുടെ വീടിനും പരിസരത്തും സമീപത്തുമുള്ള ടവറുകളിലും ജോളി താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ടവറുകളിലും രേഖപ്പെടുത്തിയ കോളുകളാണ് പരിശോധിച്ചുവരുന്നത്.
ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് ഫോണ്‍കോളുകളാണ് ഒരു മൊബൈല്‍ ടവറിന് കീഴില്‍ രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഓരോ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ടവറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങളില്‍ നിന്ന് ജോളിയുടേയും മറ്റു സംശയിക്കുന്നവരുടേയും വിവരങ്ങള്‍ കണ്ടെത്തുകയും അതുവഴി ചോദ്യം ചെയ്യല്‍ തുടരാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംശയമുനയിലുള്ള നിരവധിപേര്‍ ജോളിയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന്റെ ചാര്‍ട്ട് ക്രൈംബ്രാഞ്ച് തയാറാക്കി. ചോദ്യം ചെയ്യാനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.