സ്വന്തംലേഖകന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. അപകട നില തരണം ചെയ്തതായും മുറിവ് ആഴത്തിലുള്ളതല്ലെന്നും ഡോക്ടര്‍മാര്‍ ജയിലധികൃതരെ അറിയിച്ചു. അതേസമയം ജോളി ഇപ്പോഴും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
ജില്ലാ ജയിലിലെ വനിതാവിംഗിലെ സെല്ലിലായിരുന്നു ജോളിയെ താമസിപ്പിച്ചിരുന്നത്. ഒപ്പം നാല് വനിതാ തടവുകാരെ കൂടി സെല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ സഹതടവുകാരാണ് ജോളി കിടന്നിരുന്ന ബെഡ്ഷീറ്റില്‍ രക്തം കണ്ടത്. ജോളിയെ പരിശോധിച്ചതില്‍നിന്ന് കൈഞരമ്പ് മുറിച്ചതായി കാണുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ ജയില്‍ വാര്ഡന്മാരെ അറിയിക്കുകയും മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് വി.ജയകുമാര്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു. കൈ ഞരമ്പ് മുറിയ്ക്കാനുപയോഗിച്ചത് ടൈല്‍ കഷണമാണെന്നാണ് പ്രാഥമിക നിഗമനം. ബ്ലേഡുപോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കളൊന്നും സെല്ലില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
സംഭവത്തില്‍ ജയില്‍വകുപ്പ് അന്വേഷണം നടത്തും. കൂടാതെ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് കസബ പോലീസില്‍ ജയിലധികൃതര്‍ പരാതി നല്‍കും. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും അന്വേഷണം നടത്തും. ജയിലിനുള്ളില്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു.
ജോളി ആത്മഹത്യ ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സെല്ലില്‍ നാലുപേരെ കൂടി ഉള്‍പ്പെടുത്തിയിരുന്നത്. ഏതെങ്കിലും വിധത്തില്‍ അസ്വാഭാവികത ജോളി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം വാര്ഡന്മാരെ അറിയിക്കണമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ജോളി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് മനസിലായതിനെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട കൗണ്‍സലിംഗും ജയിലധികൃതര്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തടവുകാര്‍ക്ക് വേണ്ടി ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ജോളിയെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തിരുന്നതെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.
മറ്റു തടവുകാരെ അപേക്ഷിച്ച് ജോളിയെ കാണാനായി എത്തുന്നവരുടെ എണ്ണം കുറവാണ്. കഴിഞ്ഞ ദിവസം അഭിഭാഷകന് ജയിലില്‍ വന്നിരുന്നു. ഇന്നലെ പകലും രാത്രിയിലുമെല്ലാം സാധാരണ രീതിയിലായിരുന്നു ജോളി പെരുമാറിയിരുന്നത്.
മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. ജയില്‍വളപ്പില്‍ പുല്ലുരിയാന് പോയ സമയത്ത് സാരിയില്‍ കശുമാവില്‍ തൂങ്ങിയായിരുന്നു സൗമ്യ മരിച്ചത്. ഇത് ജയില്‍ വകുപ്പിന്റെ വീഴ്ചയാണെന്ന രീതിയില്‍ ആരോപണവും ഉയര്‍ന്നിരുന്നു.
ഇതോടെ മൂന്നുപേരുടെ മരണത്തിന് പിന്നില്‍ സൗമ്യയെ സഹായിച്ച പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിയാതെയായി. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേക സംവിധാനം ജയിലില്‍ ഒരുക്കിയത്.
ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതിൽ ജോളി അടക്കം ആറുപേരാണുള്ളത്. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടർന്നാണു കൂടുതൽ പേരുള്ള സെല്ലിലേക്കു ജോളിയെ മാറ്റിയത്.