കണ്ണൂർ: അഴീക്കോട്ടെ സർക്കാർ വൃദ്ധമന്ദിരത്തിലെ മേട്രൺ പാപ്പിനിശേരി കീച്ചേരിയിലെ പുതിയ പുരയിൽ ജ്യോത്സന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ വ്യക്തിവൈരാഗ്യത്തോടെ പെരുമാറിയതായി കുടുംബം ആരോപിച്ചു. 2017 ൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ജ്യോത്സന പരാതിപ്പെട്ടതായി കുടുംബം പറയുന്നു.
ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മൂന്നു വർഷം മുന്പ് വൃദ്ധസദനത്തിൽ ജോലി ചെയ്യുന്പോൾ തന്റെ ഭാര്യയെ മാനസികമായി പീഡിപ്പിച്ചുവെന്നും പഴയ വൈരാഗ്യം വച്ച് ജ്യോത്സനയോട് പെരുമാറിയതായും ഭർത്താവ് മുരളീധരൻ പറഞ്ഞു.
കള്ളപ്പരാതിക്ക് താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയതായി ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മാനസിക പീഡനം തുടർന്നാൽ ജീവനൊടുക്കേണ്ടി വരുമെന്ന് ജ്യോത്സന പറഞ്ഞതായി ഭർത്താവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.വൃദ്ധസദനത്തിലെ ജോലിക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് ജ്യോത്സനയെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് ജ്യോത്സന ജീവനൊടുക്കിയത്. നോട്ടീസ് നൽകി വിശദീകരണം പോലും തേടാതെയാണ് സസ്പെൻഡ് ചെയ്തതെന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിലും മറ്റൊരാൾക്കും ഈ ഗതി ഉണ്ടാകരുതെന്നും ജ്യോത്സനയുടെ കുടുംബം പറയുന്നു.
സർക്കാർ വൃദ്ധമന്ദിരത്തിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; പോലീസ് അന്വേഷണം തുടങ്ങി
അതേസമയം ജ്യോത്സനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ജലജ, ഓഫീസർ അഞ്ജു മോഹൻ, സീനിയർ സൂപ്രണ്ട് ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൃദ്ധസദനത്തിലെത്തി മൊഴിയെടുത്തു.
കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും വൃദ്ധസദനത്തിലെത്തി ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ജ്യോത്സന ഉപയോഗിച്ച മുറിയും പരിശോധിച്ചു. അന്തേവാസികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ സ്നേഹത്തോടെയുള്ള പ്രവർത്തനമാണ് ജ്യോത്സന നടത്തിയതെന്ന് അന്തേവാസികൾ മൊഴി നൽകിയിട്ടുണ്ട്.