കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ സഹായികളെ തേടി പോലീസ്. കൊലപാതകത്തിനും സ്വത്തുക്കള്‍ കൈക്കലാക്കുന്നതിനും കേസ് അട്ടിമറിയ്ക്കുന്നതിനും ജോളിയെ സഹായിച്ചവരെ കുറിച്ചാണ് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നത്. അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റത്തിൽ റോയിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ 2011ൽ കോടഞ്ചേരി എസ്ഐ രാമനുണ്ണിയടക്കമുള്ളവർക്കെതിരെ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. കൊലപാതകകേസ് അട്ടിമറിക്കാൻ എസ്ഐയുടെ ഭാഗത്തനിന്ന് വൻസഹായം ഉണ്ടായതായി സംശയിക്കുന്നു. ആ കാലഘട്ടത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന മുഴുവൻ പോലീസുകാരുടെയും വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചു. ഇവരിൽ സർവീസിൽനിന്ന റിട്ടയർ ചെയ്തവരിൽനിന്നടക്കം വിവരങ്ങൾ ശേഖരിക്കും.
റോയിയുടെ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരണംനടന്ന 2011 സെപ്റ്റംബർ 30 കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ കോടഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫീസർ(എസ്എച്ച്ഒ) രാമനുണ്ണിക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി കൈമാറിയതിന്റെ രേഖകൾ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിലേക്ക് നയിക്കുന്ന രേഖകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും സ്വമേധയാ കേസെടുത്ത് (സ്യുമോട്ടോ കേസ്) അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ആരെല്ലാം എസ്ഐയിൽ സമ്മർദം ചെലുത്തി, പാരിതോഷികം വാങ്ങിയത് എത്ര, ജോളി കേസിൽ ഇടപെട്ടോ തുടങ്ങിയ കാര്യങ്ങളാണ് വിശദമായി അന്വേഷിക്കുന്നത്.
പോലീസിനെ വരുതിയിലാക്കാൻ ടോം തോമസിന്റെ ഉറ്റ ബന്ധുവും ജോളിയെ സഹായിച്ചതായി ഇന്റലിജൻസ് സംശയിക്കുന്നു. ജോളിക്കൊപ്പം ഇയാളും പോലീസ്സ്റ്റേഷനിൽ എത്തിയതിന്റെ തെളിവുകൾ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ഫോൺരേഖകളും പരിശോധിച്ചുവരികയാണ്. കൂടത്തായി കൂട്ടക്കൊലയിൽ പ്രതിസ്ഥാനത്തുനിൽക്കുന്നതായി പോലീസ് സംശയിക്കുന്ന ആൾകൂടിയാണ് ഇയാൾ.
ജോളിക്ക് വിവിധ റാക്കറ്റുകളുമായും ബന്ധം
കോഴിക്കോട്: റിയൽ എസ്റ്റേറ്റിനു പുറമെ ജോളിയ്ക്ക് പലവിധ റാക്കറ്റുകളുമായും ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചു. രാഷ്ട്രീയ-ഉദ്യോഗസ്ഥ സഹായം ലഭിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഇതിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ ഒരു വര്‍ഷത്തെ മൊബൈല്‍ ഫോണിലെ കോള്ഡീറ്റൈയില്സ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചുവരികയാണ്.
ജോളിയുമായി കൂടുതല്‍ ബന്ധപ്പെട്ടവരെ കണ്ടെത്തുകയും ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം തീരുമാനിച്ചത്. ഇതുവഴി ആറു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാവുമെന്നാണ് പോലീസ് കരുതുന്നത്. ജോളി കോഴിക്കോട് നഗര മധ്യത്തില്‍ എന്‍ഐടിക്ക് സമീപം വാങ്ങിയതായി പറയുന്ന ഫ്ളാറ്റ് കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഊർജിത അന്വേഷണം തുടരുകയാണ്.
കേസില്‍ ഇതുവരെ മുന്നുറോളം പേരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിജോസഫിന് പുറമേ ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ എം.എസ്. മാത്യു എന്ന ഷാജു (44) സ്വര്ണപണിക്കാരന് താമരശേരി തച്ചംപൊയില്‍ സ്വദേശി മുള്ളമ്പലത്തില്‍ പ്രജുകുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.