മലയാറ്റൂർ: കേരളത്തിലെ ശ്രീലങ്കൻ ഓണററി കോണ്‍സൽ ജോമോൻ ജോസഫ് (43) അന്തരിച്ചു. രക്ത സമ്മർദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.45 നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 29 നാണ് രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ജോമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നീലീശ്വരം കരേറ്റമാതാ പള്ളിയിൽ നടക്കും. നീലിശ്വരം എടത്തല വീട്ടിൽ ജോസഫ്-എൽസി ദന്പതികളു ടെ മകനാണ്.കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി 2013 ലാണ് ജോമോൻ സേവനമാരംഭിച്ചത്. യുനൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് റിസേർച്ചിൽനിന്നു കോണ്‍ഫ്ളിക്റ്റോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ആംഗലേയ ഭാഷയിൽ സിഎസ്ആർ ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്ളിക്റ്റ് വോസ് എൽടിടിഇ എന്നീ രണ്ടു പുസ്തകങ്ങളും മൂന്നു ചുവരുകൾ എന്ന മലയാള നോവലും അഫ്ഗാനിസ്ഥാൻ ഒരു അപകടകരമായ യാത്ര എന്ന അഫ്ഗാനിസ്ഥാനിലൂടെയുള്ള യാത്രയുടെ അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നു നിക്ഷേപകരെ ആകർഷിക്കാനായി ശ്രീലങ്കൻ സർക്കാർ ആരംഭിച്ച വിവിധ പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. വ്യവസായം, വിനോദസഞ്ചാരം എന്നീ മേഖലയിൽ കൂടുതൽ പേരെ ആകർഷിക്കാൻ ശ്രീലങ്കയുമായി വാണിജ്യ, സാംസ്കാരിക മേഖലയുമായി ബന്ധിപ്പിച്ച് മുന്നോട്ടുകൊണ്ടു പോകാനും കേരളത്തിലെ ശ്രീലങ്കൻ ഓണററി കോൺസൽ എന്ന നിലയിൽ ജോമോന്റെ പ്രവർത്തനം മികവുറ്റതായിരുന്നു.
ഭാര്യ: മഞ്ജു, മക്കൾ: ജോസഫ് (പ്ലസ് വണ്‍ വിദ്യാർഥി, വിശ്വജ്യോതി പബ്ലിക് സ്്കൂൾ), റിയ (ഏഴാം ക്ലാസ് വിദ്യാർഥിനി, ടോളിൻസ് വേൾഡ് സ്കൂൾ).