കോട്ടയം: രാത്രിയിൽ തട്ടുകട, ഓട്ടോ ഡ്രൈവർ വേഷങ്ങളിൽ നഗരത്തിലെത്തുന്ന ജോമോൻ, ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിൽ പോലീസ്.
ഏതാനും നാളുകളായി ടിബി റോഡിൽ ഇയാളുടെ നേതൃത്തിൽ തട്ടുകട നടത്തുന്നുണ്ട്. ഇവിടെ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരം താവളമാണെന്നു പ്രദേശവാസികൾ പറയുന്നു.
നഗരത്തിലും കോടിമതയിലുമായി നിരവധി യുവാക്കൾ ഇയാളുടെ സംഘത്തിൽ അംഗങ്ങളാണ്.
പോലീസ്, എക്സൈസ് സംഘങ്ങൾ പേരിന് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും വൻലോബിയെ നിയന്ത്രിക്കുന്ന സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കുന്നില്ല.
ഒന്നുമറിയാതെ പോലീസ്!
കോട്ടയം: ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനു പിന്നിൽ കളക്ടറേറ്റിനു സമീപത്ത് പോലീസിന്റെ എആർ ക്യാന്പിന് അടുത്തായി അതീവ സുരക്ഷാ മേഖലയിൽ ഗുണ്ട അഴിഞ്ഞാടിയിട്ടും,
ഒരു യുവാവിനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോയി അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പോലീസ് ഒന്നും അറിഞ്ഞില്ല.
കൊലപാതക വിവരം പോലീസ് അറിഞ്ഞത് പ്രതി മൃതദേഹവുമായി സ്റ്റേഷനു മുന്നിലെത്തുന്പോൾ മാത്രം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ചുമത്തിയ ആളുമായ ഗുണ്ട നടത്തിയ അതിക്രൂരമായ കൊലപാതം ജില്ലാ പോലീസിനു തന്നെ നാണക്കേടായി മാറി.
സംസ്ഥാനത്തെന്പാടും ഗുണ്ടാ വേട്ടയെന്ന് അവകാശപ്പെട്ട് പോലീസ് ഗുണ്ടകളെ ഓടിച്ചിട്ടു പിടികൂടുന്പോഴാണ് ജില്ലയുടെ മധ്യത്തിൽ അതിക്രൂരമായ കൊലപാതകം അരങ്ങേറിയിരിക്കുന്നത്.
ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിന്റെ സമീപത്തായാണു കൊലപാതകം നടന്നതെന്നത് ഏറെ ഞെട്ടിക്കുന്നത്.
തന്റെ മേധാവിത്വം ഉൗട്ടി ഉറപ്പിക്കുന്നതിനു 19കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഇയാൾ മുന്പ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായിരുന്നു.
മാസങ്ങൾക്കു മുന്പ് കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടുപോയി യുവാവിനെ അതിക്രൂരമായി ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു ജോമോൻ.
ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം നടത്തുകയായിരുന്നു.
ഈ കേസിനു പിന്നാലെയാണ് ജോമോനെതിരേ കാപ്പ ചുമത്താൻ ജില്ലാ പോലീസ് നടപടി സ്വീകരിച്ചത്.