കുരുത്തക്കേടുകളുടെ രാജകുമാരൻ ജനഹൃദയങ്ങൾ കീഴടക്കാൻ തുടങ്ങി. ഫഹദ് ഫാസിലിന് ഇന്ത്യൻ പ്രണയകഥയിലൂടെ നല്കിയ പുതിയ മുഖം ദുൽഖർ സൽമാന് ജോമോന്റെ സുവിശേഷങ്ങളിലൂടെ സത്യൻ അന്തിക്കാട് നല്കിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഡിക്യുവിന്റെ ന്യൂജൻ മുഖത്തിന് ഒരു പുതിയമാനം കൈവരുകയായിരുന്നു. സത്യൻ അന്തിക്കാട് ചിത്രമല്ലേ ധൈര്യമായി കുടുംബസമേതം പോകാമെന്ന് കണ്ണുമടച്ച് പറയുന്ന മലയാളികൾക്ക് ജോമോന്റെ സുവിശേഷങ്ങൾ കാണാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അനുഭവ സന്പത്തിന്റെ പകിട്ടേറെയുള്ള മുകേഷിനൊപ്പം(വിൻസെന്റ്) ദുൽഖർ(ജോമോൻ)ജോളിയായി നിറഞ്ഞാടിയപ്പോൾ ഈ അപ്പൻമകൻ കഥയ്ക്ക് പുതിയ ഭാവതലങ്ങൾ ഉണ്ടായത് സ്വാഭാവികം മാത്രം.
ജീവിതത്തിന്റെ രണ്ടു തലങ്ങളെ ഇരുപകുതികളിലുമായി കൂട്ടിയിണക്കി ഒരുപാട് മുഖങ്ങൾ കാട്ടിത്തരാനുള്ള ശ്രമമാണ് സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങൾ. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയപ്പോൾ അത് സാധാരണക്കാരുടെ മനസിൽ തൊടുംവിധം ചേർന്നു നിൽക്കുന്ന ഒന്നായി. ഇത്തരം ഒരു കഥയ്ക്ക് സത്യൻ അന്തിക്കാടിന്റെ ചലച്ചിത്രഭാഷ്യം കൂടി ആയതോടെ സംഭവം ഉഷാർ.
കാലഘട്ടത്തിന് അനുസരിച്ചുള്ള സിനിമ രീതികളെ കൃത്യമായി നിരീക്ഷിക്കുന്ന സംവിധായകനെ ആദ്യ പകുതിയിൽ നന്നായി കാണാൻ കഴിയും. സന്പന്ന കുടുംബത്തിലെ ആണ്തരികളിൽ ഒരാൾ എപ്പോഴും ഇത്തിരി കുരുത്തക്കേടുള്ളവർ ആയിരിക്കുമെന്ന് ഒരുപാട് സിനിമകളിലൂടെ നിരവധി സംവിധായകർ നമ്മുക്ക് കാട്ടി തന്നിട്ടുണ്ട്. അത്തരക്കാരുടെ പ്രതിനിധിയായി ദുൽഖറെത്തുന്പോൾ അവരിൽ ഒരാളായി ജോമോൻ ഒതുങ്ങിപ്പോകരുതെന്ന് ശഠിക്കുന്ന സംവിധായകന്റെ മികവ് ചിത്രത്തിൽ ഉടനീളം കാണാനാവും. ഇതൊരു ടേണിംഗ് പോയിന്റാണെന്ന മട്ടിൽ കിട്ടിയ വേഷം മികവുറ്റതാക്കാൻ ദുൽഖറും ശ്രമിച്ചതോടെ താരത്തിന്റെ വേറിട്ടൊരു മുഖം ജോമോനിലൂടെ പ്രകാശിക്കുന്നുമുണ്ട്.
സന്തോഷത്തോടെ തുടങ്ങി ഒരുപാട് ജീവിതങ്ങൾക്കിടയിലൂടെ മിതത്വം പാലിച്ച് പോകുന്ന ഈ കുഞ്ഞുകഥയിൽ ഒരുപാട് പേരുടെ ജീവിതങ്ങളും കടന്നുവരുന്നുണ്ട്. ഓരോ ജീവിതവും ഓരോ കഥയാണെന്നും അത് വേണ്ടവിധത്തിൽ മനസിലാക്കുന്നതിലൂടെയാണ് അനുഭവ സന്പത്തുണ്ടാകുകയെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ അടിച്ചു പൊളിച്ച് ജീവിക്കുന്നവരുടെ പ്രതിനിധിയായി ജോമോൻ എത്തുന്പോൾ ആ ജീവിതത്തിലുണ്ടായേക്കാവുന്ന ഇത്തിരി കുരുത്തകേടുകളും ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. ജോമോന്റെ വികൃതിത്തരങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ കുടുംബത്തിലെ ഓരോരുത്തരേയും സംവിധായകൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ബിസിനസുകളിലൂടെ ലാഭം കൊയ്യുന്ന ജോമോന്റെ അപ്പനായി വേഷമിടുന്നത് മുകേഷാണ്(വിൻസെന്റ്). ജോമോനും വിൻസെന്റും തമ്മിലുള്ള കോന്പിനേഷൻ സീനുകളെല്ലാം മികവുറ്റതായപ്പോൾ എന്നും ഓർത്തിരിക്കാവുന്ന ചില നല്ല നിമിഷങ്ങളും ചിത്രം സമ്മാനിക്കുന്നുണ്ട്.
രണ്ടു നായികമാരുള്ള ചിത്രത്തിൽ രണ്ടു തരത്തിലുള്ള പ്രണയവും സംവിധായകൻ കാട്ടിത്തരുന്നുണ്ട്. അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് നായികമാരായി എത്തുന്നത്. നായികയ്ക്ക് വേണ്ടിയൊരു നായിക എന്ന പരിവേഷത്തിലല്ലെങ്കിലും രണ്ടുപേരേയും കഥയ്ക്ക് അനുഗുണമായി ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നസെന്റും സേതുലക്ഷ്മിയും ശിവജി ഗുരുവായൂരും മുത്തുമണിയും വിനു മോഹനുമെല്ലാം ചിത്രത്തിൽ കഥയുടെ ഒഴുക്കിനനുസരിച്ച് വന്നുപോകുന്നുണ്ട്. ചിത്രത്തിനായി ഇന്പമുള്ള ഗാനങ്ങൾ തന്നെയാണ് വിദ്യാസാഗർ ഒരുക്കിയിരിക്കുന്നത്.
തൃശൂരിലേയും തിരുപ്പൂരിലേയും മിഴിവേകിയ കാഴ്ചകൾ ചിത്രത്തിനുവേണ്ടി പകർത്തിയത് എസ്. കുമാറാണ്. ആദ്യ പകുതിയിലെ അടിപൊളി കാഴ്ചകളിൽ നിന്നും രണ്ടാം പകുതിയെ വേറിട്ടു നിർത്തുന്നത് മുകേഷിന്റെയും ദുൽഖറിന്റെയും ദുൽഖറിന്റെ സുഹൃത്തായി എത്തുന്ന ഗ്രിഗറിയുടെയും അഭിനയ മികവ് തന്നെയാണ്. വിൻസെന്റിന്റെ ജീവിത തലങ്ങളിലുണ്ടായ മാറ്റങ്ങളിലൂടെയാണ് ഒന്നാം പകുതിയേക്കാൾ ആഴവും പരപ്പും രണ്ടാംപകുതിക്ക് കൈവരുന്നത്.
ജീവനുള്ള സിനിമകളുടെ തോഴനാണ് സത്യൻ അന്തിക്കാട് അത്തരത്തിലുള്ള സംവിധായകനിൽ നിന്നും ഓരോരുത്തരും പ്രതീക്ഷിക്കുന്നതും വേറിട്ട സിനിമകൾ തന്നെയാണ്. ജോമോന്റെ സുവിശേഷങ്ങളും ആ ശ്രേണിയിലേക്ക് ചെക്കേറുകയാണ്. ക്രിസ്മസിന് ജോമോന്റെ വികൃതിത്തരങ്ങൾ കാണാൻ കാത്തിരുന്നവരുടെ മുന്നിലേക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും ജോമോൻ എത്തിയിട്ടുണ്ട്. തന്റെ ഇത്തിരി കുറുന്പുള്ള കുഞ്ഞു കഥപറയാൻ.
(സത്യൻ അന്തിക്കാട് ടച്ച് നഷ്ടപ്പെടാത്ത ചിത്രം)
വി.ശ്രീകാന്ത്