ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയും കരുണ അര്‍ഹിക്കുന്നവരേയും കരുതുന്ന പ്രവര്‍ത്തികള്‍ ഹൃദ്യം തന്നെയാണ്.
സാധാരണ മുതിര്‍ന്ന ആളുകള്‍ ഇത്തരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ ചെയ്ത് കാണാറുണ്ട്. എന്നാല്‍ ഒരു കുട്ടി അങ്ങനെ ചെയ്യുമ്പോള്‍ അത് വലിയ ശ്രദ്ധനേടും. പ്രത്യേകിച്ച് വേറൊരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തെ കരുതുമ്പോള്‍…
ഇത് ജോനാ ലാര്‍സന്റെ നന്മയുടെ കഥയാണ്. തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച ആളാണ് ജോനാ. അവിടെ റൂട്ട്സ് എന്നൊരു അനാഥാല്യത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്.
എന്നാല്‍ ഏകദേശം ആറുമാസം പ്രായമുള്ളപ്പോള്‍ ജോനാ ലാര്‍സണെ അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബം ദത്തെടുത്തു. ജെന്നിഫര്‍ എന്ന യുവതിയും കുടുംബവുമാണ് ജോനയെ ദത്തെടുത്തത്. പിന്നീട് അദ്ദേഹത്തിന്റെ വീട് എന്നത് യുഎസ് മിഡ്വെസ്റ്റേണ്‍ സ്റ്റേറ്റായ വിസ്കോണ്‍സിനിലെ ലാ ക്രോസിലായി.
ജെന്നിഫറിന് അലങ്കാര തുന്നല്‍പ്പണികള്‍ വലിയ താത്പര്യമായിരുന്നു. അവര്‍ വീട്ടിലായിരിക്കുമ്പോള്‍ പന്ത് നൂലും ക്രോച്ചെറ്റ് ഹുക്കുമായി തുന്നല്‍ ആരംഭിക്കും. അഞ്ച് വയസുള്ളപ്പോള്‍ ജോനായ്ക്കും ഈ തുന്നലില്‍ താത്പര്യം തോന്നി. വൈകാതെ അവന് അമ്മയില്‍ നിന്നും ഈ വിദ്യ പഠിച്ചെടുത്തു.
ഒരുദിവസം ചെറിയ കൂട നെയ്ത് അവര്‍ ജെന്നിഫറിനെയും സഹോദരങ്ങളെയും ഞെട്ടിച്ചു. പിന്നീട് യൂട്യൂബില്‍ നിന്നും ഈ തുന്നല്‍ കൂടുതലായി പഠിച്ചു. എന്നാല്‍ ഈ വിദ്യ ഒരു രസത്തിനായിട്ടല്ലായിരുന്നു അദ്ദേഹം പഠിച്ചത്.
താന്‍ ജനിച്ച എത്യോപ്യയിലെ കുഞ്ഞുങ്ങളെ സഹായിക്കണം എന്ന ഒരു ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ക്രോച്ചെറ്റ് പഠിച്ചത്. പിന്നീട് ജോനാ തന്റെ ക്രോച്ചിംഗ് വര്‍ക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അത് വില്ക്കുന്നതുവഴി കിട്ടിയ പണം അദ്ദേഹം തന്റെ ജന്മദേശത്തേക്ക് അയച്ചു.
പിന്നീട് ഗോഫണ്ട് സെെറ്റ് വഴിയും മറ്റും അദ്ദേഹം തുക ശേഖരിച്ചു. മാത്രമല്ല യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി അലങ്കാരത്തുണികള്‍ വില്‍ക്കുകയും അത് പഠിപ്പിക്കുകയും ചെയ്ത് പണം സ്വരുക്കൂട്ടി. ഈ പണമെല്ലാം റൂട്ട്സിന് കൈമാറി.
അങ്ങനെ ഡ്യൂറമേയില് ആദ്യമായി ഒരു ലൈബ്രറിയും സയന്‍സ് ലാബും തുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുസ്തകം ഇല്ലാത്ത ഒരു കാലം തനിക്കിപ്പോള്‍ ചിന്തിക്കാന്‍ കഴിയുന്നില്ലെന്ന് ഈ 15 കാരന് പറയുന്നു. അതിനാല്‍ തന്നെ എതോപ്യയിലുള്ള തന്റെ സഹോദരങ്ങളും വായിച്ചു വളരണം എന്ന് ജോനാ ചിന്തിക്കുന്നു.
മേഖലയിലെ ആദ്യത്തെ ലൈബ്രറിയായ ജോനാസ് ലൈബ്രറിയില്‍ മൂവായിരത്തിലധികം പുസ്തകങ്ങള്‍ അടങ്ങിയിരിക്കുന്നു. വൈകാതെ അവര്‍ക്കായി സൗകര്യപ്രദമായ വാസയിടങ്ങളും ചെയ്യണമെന്ന് ജോനാ ആഗ്രഹിക്കുന്നു.
വന്നതില്‍ പിന്നെ ഒരിക്കലും ജോനാ എത്യോപിയിലേക്ക് പോയിട്ടില്ല. എന്നാല്‍ പഠിച്ചുവളര്‍ന്ന് ഒരു ഡോക്ടറായിട്ട് അതേ നാട്ടില്‍ പോകണം എന്നദ്ദേഹം ആഗ്രഹിക്കുന്നു. നാളെകളില്‍ എത്യോപ്യയിലേക്ക് മടങ്ങി സൗജന്യമായി ശസ്ത്രക്രിയകള്‍ നല്‍കണം; ഈ തുന്നിച്ചേര്‍ക്കലുകള്‍ അതിന്റെ നിഴലാണത്രെ…