വലപ്പാട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിനോജിന്റെ അനുസ്മരണ ചടങ്ങില്‍ ശ്രോതാവായതിനെത്തുടര്‍ന്ന് കേരളാപോലീസ് അറസ്റ്റു ചെയ്തതിനു ശേഷമാണ് ജോനാഥന്‍ ക്ലൗഡ് എന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ മലയാളികള്‍ക്കു പരിചിതനാവുന്നത്.
യഥാര്‍ഥത്തില്‍ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുകയും ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ അവിചാരിതമായി അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു താനെത്ത് ജൊനാഥന്‍ പറയുന്നു. പോലീസിന്റെ ക്രൂരമായ പീഡനത്തിനും താന്‍ ഇരയായതായി അദ്ദേഹം ഒരു പ്രമുഖ മലയാളം ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജൊനാഥന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തുകയും വെറുതെ വിടുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായാണ് ജൊനാഥനും കൂട്ടുകാരി വലേറിക്കുമൊപ്പം ഇന്ത്യയിലെത്തിയത്. മുംബൈയും ബന്ദിപ്പുര്‍ സന്ദര്‍ശനവുമൊക്കെ കഴിഞ്ഞ് അവരിരുവരും കേരളത്തിലെത്തി. അങ്ങനെ 2014 ജൂലായ് 28 ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ കണ്ട വാര്‍ത്തയിലൂടെ സിനോജിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നെന്ന് ജൊനാഥന്‍ പറയുന്നു.
എന്തിനായിരിക്കും അയാള്‍ (സിനോജ്) കൊല്ലപ്പെട്ടത്? എന്തായിരിക്കും അയാളുടെ രാഷ്ട്രീയം. ഇതൊന്നും ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്തില്ല. മനുഷ്യപക്ഷത്ത് മാത്രം നില്‍ക്കുന്ന ആര്‍ദ്രമായ തലച്ചോറാണ് എന്റേത്. അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ല. മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനെത്തിയ ആള്‍ എന്ന നിലയിലായിരുന്നു അറസ്റ്റിലായശേഷം പോലീസിന്റെ പെരുമാറ്റം. സത്യത്തില്‍ കഷ്ടപ്പെട്ട് മിച്ചംവെച്ച പണവുമായി ഇന്ത്യകാണാനെത്തിയവരായിരുന്നു ഞങ്ങള്‍- ജൊനാഥന്‍ പറയുന്നു.
കസ്റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ പോലീസ് തന്നെ ക്രൂരമായി തല്ലിച്ചതച്ചുവെന്നും ജോനാഥന്‍ പറയുന്നു. കേരളത്തിലെ അനുഭവങ്ങള്‍, സഞ്ചാരികളുടെ പറുദീസയെന്നു വിശേഷിപ്പിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആരും കാണാത്ത മറ്റൊരു മുഖത്തെപ്പറ്റിയുംസ്വന്തം രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ജൊനാഥന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലിലായ ജൊനാഥനെ പിന്നീട്, കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. കീഴ്ത്തട്ടിലെ മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ ജൊനാഥര്‍ ജനീവയിലാണുള്ളത്.