മഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ നടത്തി വരികയായിരുന്ന സംഘത്തിലെ ഒളിവിലായിരുന്ന കാമറൂണ്‍ നോർത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശിയായ ഞ്ചോബാര ഷേൻ ഷാഞ്ചി (32) യെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ ഹൈദരാബാദ് രാജേന്ദ്രനഗറിൽ നിന്നാണ് പ്രതിയുടെ താമസസ്ഥലം രഹസ്യമായി നിരീക്ഷിച്ച ശേഷം സാഹസികമായി പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയുമായുണ്ടായ മൽപ്പിടുത്തതിൽ ഒരു പോലീസുദ്യോഗസ്ഥനു പരിക്കേറ്റു.
സ്റ്റുഡന്റ് വിസയിലാണ് ഷേൻ ഷാഞ്ചി ഇന്ത്യയിൽ വന്നത്. ഇതോടെ ഓണ്‍ലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം പതിനൊന്ന് പേരെയാണ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പോലീസിനു സൂചനകൾ ലഭിച്ചിട്ടുണ്ട്.
കോടിക്കണക്കിനു രൂപയുടെ സാന്പത്തിക തട്ടിപ്പുകൾ പ്രതികളുൾപ്പെട്ട സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള കോളജുകളിൽ പഠനം നടത്താനെന്ന മട്ടിലും വൈദ്യസഹായങ്ങൾക്കെന്ന പേരിലും വിസ സംഘടിപ്പിച്ചു വരുന്ന ഇത്തരം തട്ടിപ്പുകാർ കോളജുകളിൽ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ധനാപഹരണം നടത്തുകയാണ് ചെയ്യുന്നത്.
മഞ്ചേരിയിലെ ഒരു മെഡിക്കൽ മൊത്തവിതരണ സ്ഥാപന ഉടമയെ ഉത്പന്നം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്സൈറ്റും മറ്റും ഉപയോഗിച്ചു വിവിധ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് മറ്റുള്ളവരിൽ നിന്നു പണം തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണത്തിലാണ് ഞ്ചോബാര ഷേൻ ഷാഞ്ചി പിടിയിലായത്.
കേസിലെ പ്രതികൾ പഞ്ചാബ് ലുധിയാന, ഉത്തർപ്രദേശിലെ ആഗ്ര, മധ്യപ്രദേശിലെ റീവ, ഗുജറാത്ത് അഹമ്മദാബാദ്, ഗോവ, ബംഗളുരൂ, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി. ഷൈജു എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുള്ള ബാബു, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ടി.പി. മധുസൂദനൻ, ഷഹബിൻ, സൽമാൻ, എം.പി. ലിജിൻ എന്നിവരാണ് ഹൈദരാബാദിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതിനു കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഡാനിയേൽ അമാലുന്യൂസിനെ ഡൽഹി ബുരാഡിയിൽ നിന്നും ആപ്പിൾ ഐഫോണ്‍ കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ നൈജീരിയൻ വംശജൻ ഇമ്മാനുവൽ ആർച്ചിബോംഗിനെ ഡൽഹി മെഹ്റോളിയിൽ നിന്നും ഒടിപി വാങ്ങി പണം കൈക്കലാക്കിയ കേസിൽ ജാർഖണ്ഡ് സ്വദേശികളായ ആശാദേവി, ബദ്രി മണ്ടൽ എന്നിവരെ ജാർഖണ്ഡ് ജാംതാരയിൽ നിന്നും ഒഎൽഎക്സ് വഴി വിൽപനക്ക് വച്ച പ്ലേസ്റ്റേഷൻ വാങ്ങാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശിനി ബെല്ലോ പമിലെറിൻ ഡെബോറയെ ബംഗളുരൂവിൽ നിന്നും അറസ്റ്റ് ചെയ്തതു ഇതേ പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ്.