കൊച്ചി: സ്പീക്കർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്ന ടെനി ജോപ്പൻ. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേ നിരവധി ചോദ്യങ്ങളാണ് ജോപ്പൻ ഉന്നയിക്കുന്നത്.
സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടിയത് എന്തിനായിരുന്നു. ഇപ്പോൾ ഒരു കേസ് അങ്ങയുടെ നേരേ വന്നപ്പോൾ അങ്ങേക്കു വേദനിക്കുന്നുണ്ടല്ലേ.
ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്നു പറയുന്ന കുറ്റം. അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും എന്നും ജോപ്പൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ജോപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത്?
ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരേ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലേ? (അങ്ങേക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല) ഇതാണ് സർ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്നു പറയുന്ന കുറ്റം.
അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ?
ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. 2013 ജൂൺ പത്തിന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാൻ കൊടുക്കുന്നു.
ജൂൺ 15ന് എന്നെ ജോലിയിൽനിന്നു പിരിച്ചു വിട്ടു. (ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതു ഭരണ വകുപ്പിൽ അതിന്റെ കോപ്പി കിട്ടും ) അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ.
അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.
ഞാൻ ഈ എഴുതുന്നത് ഏഴ് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?
കോടതിയിൽ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.
ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. (ഒരുപാട് എഴുതണം എന്നുണ്ട്.എഴുതാൻ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ).