മുക്കം: ഇറച്ചിയും മീനുമൊക്കെ എങ്ങിനെ തുണി സഞ്ചിയിലാക്കും? എന്നാണ് പലരുടെയും ചോദ്യം… എന്നാൽ ഈ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കാരശേരി പഞ്ചായത്തിലെ ജോർദാൻ ചിക്കൻ സ്റ്റാൾ ഉടമ ജോർദാൻ സത്താർ. ഇവിടെ കോഴി ഇറച്ചി പാള കുമ്പിളിലും തേക്കിലയിലുമാണ് നൽകുന്നത്.
രാവിലെ കടയിലേക്കു വരുമ്പോൾ വഴിയിൽ നിന്നു കുറച്ചു ഇലയും പാളയും ശേഖരിക്കും. ഇത് നടപ്പാക്കിയപ്പോൾ എല്ലാവർക്കും സ്വീകാര്യം. സാമ്പത്തിക ലാഭവും. ഒരു കിലോയുടെ മീതെ കോഴി ഇറച്ചി പാള കുമ്പിളിലാണു നൽകുന്നത്.
കിലോക്ക് താഴെ തേക്കിൻ ഇലയിലും. ” കിലോ പ്ലാസ്റ്റിക് സഞ്ചിക്കു 400 രൂപ കൊടുക്കണം, പാളയും ഇലയുമാകട്ടെ വെറുതെ കിട്ടും, ആളുകൾക്കാണെങ്കിൽ , ഒഴിഞ്ഞ കുമ്പിളും ഇലയും എവിടേക്കും വലിച്ചെറിയാം. പേടിക്കാനില്ല.
ഹോം ഡെലിവറിയും പാളയിൽ തന്നെ. വീട്ടിൽ പാത്രത്തിൽ ചൊരിഞ്ഞ്, കുമ്പിൾ തിരിച്ചു കൊണ്ടുവരും. പാത്രവും കുമ്പിളുമൊക്കെയായി വരുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ടു നൽകാനുള്ള ആലോചനയിലാണെന്നും സത്താർ പറഞ്ഞു.