കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോം പുലിക്കുന്നേൽ. പാലായിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണു ജോസ് ടോം ജോസഫിനെതിരേ വിമർശനമുന്നയിച്ചത്.
പി.ജെ. ജോസഫിനോടു രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണു സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളിൽ പലരും പ്രചാരണത്തിൽ പങ്കെടുത്തില്ല. ജോസഫിന്റെ അജണ്ടയാണു പാലായിൽ നടപ്പിലാക്കിയത്. ഒരു എംഎൽഎ കൂടിയാൽ പാർട്ടിയിൽ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ഉണ്ടാകും. ഇതു തടയാനാണു ജോസഫ് ശ്രമിച്ചത്. തോൽവിക്കു കാരണമായ ജോസഫിന്റെ നീക്കങ്ങൾ യുഡിഎഫ് അന്വേഷിക്കണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു.
വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ല. വോട്ട് മറിക്കാൻ വേണ്ടി ജോസഫിനു പാലായിൽ വോട്ടില്ല. എന്നാൽ വോട്ടർമാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകൾ നടത്തി. ഇത് ഒരു പ്രധാന കാരണമായി. എങ്ങാനും ജോസ് ടോം ജയിക്കുമോ എന്ന അങ്കലാപ്പിലാണു ജോയ് എബ്രഹാം അവസാനം ഒരു പടക്കം കൂടി പൊട്ടിച്ചതെന്നും ജോസ് ടോം പറഞ്ഞു.
യുഡിഎഫ് കണ്വൻഷനിൽ ജോസഫിനെ കൂവിയപ്പോൾ ജോസ് കെ. മാണി പ്രവർത്തകർക്കു താക്കീത് നൽകിയിരുന്നു. എന്നാൽ താൻ പരാജയപ്പെട്ടപ്പോൾ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണു മാധ്യമങ്ങളുടെ മുന്നിലെത്തിയത്. ജോസ് ടോം സഭാവിശ്വാസിയല്ലെന്നു പറഞ്ഞു പരത്തിയതും പോസ്റ്റർ ഒട്ടിച്ചതും വേറെയാരുമല്ല. തോൽക്കാനുള്ള എല്ലാ പിന്നണി പ്രവർത്തികളും ചെയ്തു. എതിർക്കണമെങ്കിൽ നേരിട്ടിറങ്ങണമെന്നും ജോസ് ടോം പറഞ്ഞു.
നേരത്തെ, പാലായിലേതു ജോസ് കെ.മാണി ചോദിച്ചു വാങ്ങിയ തോൽവിയാണെന്ന ആരോപണവുമായി പി.ജെ. ജോസഫ് രംഗത്തെത്തിയിരുന്നു. താൻ ചിഹ്നം നൽകാത്തതാണു തോൽവിക്കു കാരണമെന്നതു തെറ്റായ വാദമാണെന്നും ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കിൽ നൽകുമായിരുന്നെന്നും ജോസഫ് പറഞ്ഞു.