കോട്ടയം: ജനപ്രതിനിധികളെ ഒപ്പംകൂട്ടി പാർട്ടിയെ ശക്തിപ്പെടുത്തി കരുത്തുകാട്ടാൻ ജോസ് കെ. മാണി. എല്ലാവർക്കും മടങ്ങിവരാമെന്ന പൊതുനിലപാട് പ്രഖ്യാപിക്കുന്പോഴും പ്രതിസന്ധിഘട്ടത്തിൽ മറുകണ്ടം ചാടിയവരെ സ്വീകരിക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്. എന്നാൽ ത്രിതല ജനപ്രതിനിധികളെ സ്വീകരിക്കും. സി.എഫ്. തോമസിനെ മടക്കിക്കൊണ്ടുവരുന്നതും സജീവ പരിഗണനയിലാണ്.
രണ്ടില ചിഹ്നവും കേരള കോണ്ഗ്രസ്-എം പേരും ലഭിച്ചതോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങി. പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചുകഴിഞ്ഞു. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് തുടങ്ങിവരെ മുന്നിൽ നിർത്തിയാകും പാർട്ടിയുടെ നീക്കങ്ങൾ.
രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്പീക്കർക്കെതിരായ അവിശ്വാസത്തിലും പങ്കെടുക്കാതെ ആരോഗ്യകാരണങ്ങളാൽ മാറിനിന്ന സി.എഫ്. തോമസ് എംഎൽഎയെ ഒപ്പം നിർത്താനും നീക്കമുണ്ട്. കേരളാ കോണ്ഗ്രസ് എമ്മിനൊപ്പമാണു താനെന്നു സി.എഫ്. തോമസ് മുന്പു വ്യക്തമാക്കിയിട്ടുള്ള നിലപാടിൽ നിന്നാകും അദേഹത്തെ ഒപ്പം ചേർക്കുക. സംസ്ഥാന കമ്മറ്റി മുതൽ ബൂത്ത് തലം വരെ ശക്തിപ്പെടുത്താനും നീക്കം ആരംഭിച്ചു.
വിപ്പിൽ വെട്ടിലാകും
എൽഡിഎഫ് തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പി.ജെ. ജോസഫ് വിഭാഗം വെട്ടിലാകും. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് പ്രമേയം വന്നാൽ കേരളാ കോണ്ഗ്രസ് എം വിപ്പ് നിലവിൽ പി.ജെ. ജോസഫിനൊപ്പമുള്ള അജിത് മുതിരമലയും മേരി സെബാസ്റ്റ്യനും പാലിക്കുന്നില്ലെങ്കിൽ സാങ്കേതികമായി നടപടിക്കു വിധേയരാകും.
പാലാ നഗരസഭയിൽ പി.ജെ. ജോസഫിനൊപ്പം ചേർന്ന അഞ്ച് കൗണ്സിലർമാർക്കും സമാനമായ സാഹചര്യമുണ്ട്. രണ്ടില ചിഹ്നത്തിൽ വിജയിച്ച പ്രതിനിധികൾക്കെല്ലാം ഇനി കേരളാ കോണ്ഗ്രസ് എം വിപ്പ് ബാധകമാകും.
യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പുറത്ത്
വിപ്പ് ലംഘിക്കണമെന്നില്ല. എതിർ ചേരിയിലുള്ളവർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നാലും അയോഗ്യരാകാൻ വകയുണ്ടെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ വ്യക്തമാക്കി. പാർട്ടി ചിഹ്നത്തിൽ വിജയിച്ചശേഷം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ അത് വിപ്പ് ലംഘനത്തിനു തുല്യമാണെന്നാണ് പുതിയ റൂൾ.
2002ലെ പുതിയ ജനപ്രാതിനിധ്യ നിയമ ചട്ടമനുസരിച്ച് പാർട്ടി വിരുദ്ധ സമീപനം തുടരുന്നവരെ അവർ ജനപ്രതിനിധിയല്ലെങ്കിലും അയോഗ്യരാക്കാൻ സാധിക്കും. പാർട്ടി പദവി ദുരുപയോഗിക്കുന്നവർ പുറത്താകുന്നതിനു തുല്യമാണെന്നും ജയരാജ് കൂട്ടിച്ചേർത്തു.
നിയമസഭയിൽ പി.ജെ. ജോസഫും മോൻസും അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുകയും വോട്ടു ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ നിയമ നടപടി സ്വീകരിക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും ഡോ. എൻ. ജയരാജ് അവകാശപ്പെട്ടു.
ആശങ്കയില്ലെന്നു ജോയി ഏബ്രഹാം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വിധിയിൽ ആശങ്കയില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോസഫ് വിഭാഗം നേതാവ് ജോയി ഏബ്രഹാം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു അംഗം നടത്തിയ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കെ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകുമെന്നു കരുതുന്നു.
പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുച്ച് യാതൊരു ആലോചനയുമില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫും മോൻസ് ജോസഫും വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരു നിയമപ്രശ്നവുമില്ല.
പാർട്ടിയിൽ പിളർപ്പില്ലെന്നാണ് ജോസഫ് വിഭാഗം ഇലക്ഷൻ കമ്മീഷനിൽ വാദിച്ചത്. എന്നാൽ ജൂണിൽ പിളർപ്പുണ്ടായി എന്നാണ് എതിർപക്ഷം ധരിപ്പിച്ചത്. അതിനാൽ യാതൊരു നിയമപ്രശ്നങ്ങളും തങ്ങൾക്കില്ലെന്നും ജോയി ഏബ്രഹാം പറഞ്ഞു.