സുൽത്താൻ ബത്തേരി: കഞ്ചാവ്, ഹൈവേ പിടിച്ചുപറി അടക്കം നിരവധി കേസുകളിലെ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ബത്തേരി ദൊട്ടപ്പൻകുളം പുൽപാറയിൽ പി.യു. ജോസ് എന്ന സിസി ജോസ് (51), മലപ്പുറം അയ്യായ മുണ്ടക്കര സൗക്കത്തുള്ള എന്ന ഷൗക്കത്ത് (44), വെല്ലൂർ കീഴാചൂൽ ബുധർ നഗർ കാർത്തിക് മോഹൻ (32) എന്നിവരെയാണ് ആന്ധ്രയിലെ കാക്കിനാടിയിൽ നിന്നും സാഹസികമായി പോലീസ് പിടികൂടിയത്.
ഇവർ ഉപയോഗിച്ചിരുന്ന പ്രത്യേക രഹസ്യ അറകളുള്ള കാറും പിടിച്ചെടുത്തു.
വയനാട് എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ബത്തേരി എസ്ഐയും സംഘവുമാണ് കാക്കിനാട പോലീസിന്റെ സഹായത്തെടെ പ്രതികളെ പിടികൂടിയത്.
ജോസിന്റെ പേരിൽ 19 കേസുകളുണ്ടെന്ന് വയനാട് എസ്പി അർവിന്ദ് സുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഷൗക്കത്തിന്റെ പേരിൽ തിരുനെല്ലി സ്റ്റേഷനിൽ കേസുണ്ട്.
ജോസിന്റെ പേരിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ 14 കേസുകളും പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലും കോഴിക്കോട് സിബിസിഐഡിയിലും കർണാടകയിലെ വെലൂർ സ്റ്റേഷനിലും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലും തിരുനെല്ലി പോലീസ് സ്റ്റേഷനിലുമാണ് കേസുകളുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് കൊളഗപ്പാറ വട്ടത്തിമൂലയിൽ നിന്നും പിടികൂടിയ 102.650 കിലോ കഞ്ചാവ് കേസിലെ പ്രതിയാണ് ജോസ്. 48 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
വീട്ടുടമസ്ഥനായ വട്ടത്തിമൂല കോളനിയിലെ കൃഷ്ണൻകുട്ടിയെ അന്ന് അറസ്റ്റ് ചെയ്തെങ്കിലും ജോസ് മുങ്ങുകയായിരുന്നു.
എല്ലാ കേസുകളുടേയും പ്രധാന സൂത്രധാരൻ ജോസാണെന്ന് എസ്പി പറഞ്ഞു. മറ്റുള്ളവരെകുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
എവിടേയും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് ഓപ്പറേഷൻ നയത്തുന്നതാണ് ഇവരുടെ പ്രത്യേകതയെന്ന് എസ്പി പറഞ്ഞു.
ജോസ് ആന്ധ്രയിലുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് പോലീസ് അവിടേക്ക് തിരിച്ചത്. രണ്ടുദിവസം അവിടെ തങ്ങിയശേഷമാണ് പിടികൂടാൻ കഴിഞ്ഞത്.
ജോസിനോടൊപ്പം ഉണ്ടായിരുന്നവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ബത്തേരി എസ്ഐ ജെ. ഷജീം, എഎസ്ഐ കെ.വി. അനീഷ്, ബിനീഷ്, ആഷ്ലിൻ, നാർക്കോട്ടിക് സെൽ എം.എ. അനസ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.