വിഴിഞ്ഞം: വിഴിഞ്ഞം പുല്ലുവിളയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരണം. കടപ്പുറത്ത് ഉറങ്ങാൻപോയ മത്സ്യത്തൊ ഴി ലാളിയെ ആണ് തെരുവ് നായ്കൾ കടിച്ച് കീറി കൊന്നത്. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പുല്ലുവിള കൊച്ചു പള്ളി പള്ളി കെട്ടിയ പുരയിടത്തിൽ ജോസ്ക്ലിൻ (48) നെയാണ് നായക്കുട്ടം ആക്രമിച്ച് കൊന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മത്സ്യത്തൊ ഴി ലാ ളി യാ യ ജോസ് ക്ലിൻ മീൻ പിടിത്തം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭക്ഷണവും കഴിച്ച് ചൂടുകാരണം കടപ്പുറത്ത് ഉറങ്ങാൻ പോയപ്പോഴായിരുന്നു നായക്കുട്ടം വളഞ്ഞിട്ട് ആക്രമിച്ചത്.
നായ്ക്കൾ പരക്കം പായുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സംശയം തോന്നി സ്ഥലത്തെത്തിയപ്പോഴേക്കും ജോസ് ക്ലിൻ ഗുരുതരാവസ്ഥയിലായിരുന്നു. ശരീരമാസകലം മുറിവേറ്റ് രക്തവുംമണലും കൊണ്ട് വികൃതമായ ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ ജനം രോഷാകുലരായി തെരുവിലിറങ്ങി. വാഹന ഗതാഗതം തടസപ്പെടുത്തി.
സിലുവമ്മ എന്ന വീട്ടമ്മയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്ന് വർഷം ഒന്ന് തികയുന്നതിന് മുൻപുള്ള രണ്ടാമത്തെ ആക്രമണം ജനത്തിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായി. ശിലുവമ്മയുടെ വീടിനും കഷ്ടിച്ച് നൂറ് മീറ്റർ മാറിയാണ് ജോസ് ക്ലീന്റെ വീടും കഴിഞ്ഞ ദിവസം ഇവിടെ മറ്റൊരു വീട്ടമ്മയുടെ കാലും തെരുവ് നായ്ക്കൾ കടിച്ച് കീറിയിരുന്നു.
ശിലുവമ്മയുടെ മരണത്തോടെ ഉണ്ടായ ജന രോഷം അടക്കാൻ ആലപ്പുഴയിൽ നിന്ന് രണ്ട് പട്ടിപിടിത്തക്കാരെ എത്തിച്ച് കുറെ എണ്ണത്തെ വന്ധ്യംകരിച്ച പഞ്ചായത്തധികൃതർ പിന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടൽത്തീരത്ത് തള്ളുന്ന മാലിന്യങ്ങൾ തിന്ന് കൊഴുത്ത് പെറ്റുപെരുകിയ നായക്കൂട്ടം നാട്ടുകാർക്ക് നൽകിയത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
ജെസീന്ദയാണ് മരിച്ച ജോസ് ക്ലീന്റെ ഭാര്യ.ഷൈനി, പത്രോസ്, ഷാലു എന്നിവർ മക്കൾ. എം.വിൻസെന്റ് എം.എൽ.എ.സ്ഥലം സന്ദർശിച്ചു. വൻ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.രോഷാകുലരായ ജനക്കട്ടം ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ നടത്തുകയാണ്.