കോട്ടയം: കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശനമെന്ന പേരിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ചെയർമാൻ ജോസ് കെ. മാണി.
ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ജോസ് കെ. മാണി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്.
കേരള കോണ്‍ഗ്രസ്- എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്തുനിന്നു വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്.
ഇതിനു വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നു റാന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി പ്രമോദ് നാരായണ്‍ പറഞ്ഞു.