കോട്ടയം: ടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായ ക്യാപറ്റൻ ഗ്രൗണ്ടിനു പുറത്തായ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം.
ടീം അംഗങ്ങൾ വിജയിച്ചെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയം വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഇത്തവണ ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് എം 12 ഇടങ്ങളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിലാണ് ജയിച്ചത്.
ഇടുക്കി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, റാന്നി എന്നിവിടങ്ങളിലാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ വിജയം.
പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുന്പാവൂർ, ഇരിക്കൂർ, പിറവം എന്നിവിടങ്ങളിൽ തോറ്റു.
കേരള കോണ്‍ഗ്രസ് ജോസഫിനും പിളർപ്പിനു ശേഷം പറയാൻ നേട്ടമൊന്നുമില്ല. യുഡിഎഫിൽ 10 ഇടങ്ങളിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും തൊടുപുഴയിൽ പി.ജെ. ജോസഫിന്റെയും വിജയമാണ് ആശ്വാസം നൽകുന്നത്.
തിരുവല്ല, ചങ്ങനാശേരി, കോതമംഗലം, ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട, കുട്ടനാട് എന്നിവിടങ്ങളിൽ ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു.
എൽഡിഎഫിൽ തന്നെയുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു തിരുവനന്തപുരത്തും കേരള കോണ്‍ഗ്രസ് ബിയിലെ കെ.ബി. ഗണേഷ്കുമാർ പത്തനാപുരത്തും വിജയിച്ചു.
യുഡിഎഫിൽ തന്നെ പിറവം സീറ്റിൽ കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് വിജയം ആവർത്തിച്ചു. വിവിധ ജില്ലകളിലായി പിറവം, ഇടുക്കി, ചങ്ങാനാശേരി, കടുത്തുരുത്തി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്ന കേരള കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള മത്സരം.
കേരള കോണ്‍ഗ്രസുകളുടെ പിളർപ്പും മുന്നണി മാറ്റവും കേരള കോണ്‍ഗ്രസിനു കാര്യമായ നേട്ടങ്ങളുണ്ടാക്കിയില്ലെന്നു ചുരുക്കം.