കോട്ടയം: കേരള കോണ്ഗ്രസ് -എം ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം എന്നുണ്ടാകുമെന്ന ആകാംക്ഷയിൽ കേരള രാഷ്ട്രീയം.
കേരള കോൺഗ്രസിലെ ഓരോ ചലനങ്ങളും ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇരുമുന്നണികളിലെ കക്ഷികളും. ഇടതു പ്രവേശനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഒൗദ്യോഗികമായ പ്രഖ്യാപനം മാത്രമാണ് ബാക്കി.
റോഷി അഗസ്റ്റിൻ എംഎൽഎ ക്വാറന്റൈനിൽ ആയതും തോമസ് ചാഴിക്കാടൻ പാർലമെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു ഡൽഹിക്കു പോകുന്നതിനാലുമാണ് അല്പംകൂടി വൈകുന്നതെന്നാണ് സൂചന.
സിപിഎമ്മുമായി സീറ്റുകാര്യത്തിൽ ഏതാണ്ട് ധാരണയായെങ്കിലും പാലാ അടക്കം ഒന്നു രണ്ടു സീറ്റുകളിലെ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. പാലാ തന്റെ ചങ്കാണെന്നു മാണി സി. കാപ്പൻ എംഎൽഎ പറഞ്ഞതു ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന സൂചനയാണ് നൽകുന്നത്.
അതേസമയം, മാണി സി. കാപ്പനല്ലാതെ എൻസിപിയിലെ ആരും തന്നെ പാലാ സീറ്റ് സംബന്ധിച്ച് അഭിപ്രായങ്ങളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായി. കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളിലാണ് സിപിഎം നേതൃത്വം.
സിപിഐ ആദ്യം ചില എതിർപ്പുകൾ പറഞ്ഞെങ്കിലും അവരും ഇപ്പോൾ മയപ്പെട്ട സ്ഥിതിയിലാണ്. ഇക്കാര്യങ്ങളിലെ വ്യക്തതയും ചിഹ്നവുമായി ബന്ധപ്പെട്ടു കോടതിയിലുള്ള കേസുമാണ് കേരള കോൺഗ്രസിനു മുന്നിലുള്ള കടന്പകൾ.
സീറ്റ് പ്രശ്നം ധാരണയായാൽ ഇടതുപ്രവേശനം പ്രഖ്യാപിക്കും. കോടതിയിലുള്ള കേസിനെക്കുറിച്ച് അധികം ആകുലത പാർട്ടിക്ക് ഇല്ലെന്നാണ് നേതൃത്വം പറയുന്നത്. അതേസമയം രാഷ്ട്രീയ നിലപാട് പ്രഖ്യാപനം നീണ്ടുപോകുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
നിലവിലത്തെ സാഹചര്യത്തിൽ ബുധനാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, ജോസ് വിഭാഗം രാഷ്ട്രീയ നിലപാട് പരസ്യമാക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് കോട്ടയം ജില്ലയിലെ യുഡിഎഫ് നേതൃത്വവും കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും.