രാഷ്ട്രദീപിക ലേഖകൻ
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയ സംഭവത്തിന് അമിത പ്രാധാന്യം നൽകി പ്രതികരിച്ചതു തന്ത്രപരമായ പാളിച്ചയെന്നു കോൺഗ്രസിൽ വിലയിരുത്തൽ.
ഇതുവഴി ജോസ് കെ. മാണിക്കും കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനത്തിനും ആവശ്യത്തിലേറെ മാധ്യമശ്രദ്ധ ലഭിച്ചെന്ന അഭിപ്രായവും ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്.
അമിത ആവേശത്തോടെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതിനെ എതിർക്കാൻ പോയതുകൊണ്ടു വലിയ ചർച്ചയായി മാറിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്തെങ്ങും ഒരു കക്ഷിയുടെയും മുന്നണി മാറ്റത്തിനു ലഭിക്കാത്ത വാർത്താ പ്രാധാന്യവും ചർച്ചയുമാണ് ജോസ് കെ. മാണിയുടെ ഇടതു പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഇതിനു മുന്പ് വീരേന്ദ്രകുമാറിന്റെ കക്ഷി പോയപ്പോഴൊന്നും ഇത്രയും വാർത്താ പ്രാധാന്യമോ ചർച്ചയോ ഉണ്ടായിട്ടില്ല. കോൺഗ്രസിൽനിന്ന് അവർക്കെതിരേ കടുത്ത ആക്രമണങ്ങളും ഉണ്ടായില്ല.
എന്നാൽ, ഇടതു പ്രവേശനം പ്രഖ്യാപിക്കുന്നതിനു തൊട്ടുപിന്നാലെ ജോസ് വിഭാഗത്തെ കടന്നാക്രമിക്കാൻ ട്രോളുകളും പോസ്റ്റുകളുമെല്ലാം കോൺഗ്രസ് സൈബർ വിഭാഗം തയാറാക്കി വച്ചിരുന്നു.
ഇടതുമായി സഹകരിക്കാൻ പോവുകയാണെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനം വന്നതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിനെ വിമർശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമുള്ള ട്രോളുകളും പോസ്റ്റുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
ഫലത്തിൽ ഇത് ഈ സംഭവത്തിന് ആവശ്യത്തിൽ കൂടുതൽ വാർത്താപ്രാധാന്യം നേടുന്നതിനു സഹായിക്കുകയാണു ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തെ സാധാരണ രീതിയിലുള്ള ഒരു പ്രതികരണത്തിൽ ഒതുക്കി അവഗണിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന അഭിപ്രായം കോൺഗ്രസ് നേതാക്കളിൽ ശക്തമാണ്. കോൺഗ്രസ് ശക്തമായ എതിർപ്പും പ്രതികരണങ്ങളും രംഗത്തുവന്നതോടെയാണ് മാധ്യമങ്ങളും ഇതുവലിയ ചർച്ചയാക്കി മാറ്റിയത്.
ഇതോടെ ജോസ് കെ. മാണിയുടെ സിപിഎം, സിപിഐ ആസ്ഥാന സന്ദർശനങ്ങൾക്കും വലിയ വാർത്താ പ്രാധാന്യം കിട്ടി. മാത്രവുമല്ല കോൺഗ്രസ് സൈബർ ആക്രമണം ശക്തമായതോടെ ജോസ് കെ. മാണിയെ പിന്തുണയ്ക്കാൻ സിപിഎം സൈബർ സഖാക്കൾ സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
ഇതിനിടെ, കെ. മുരളീധരനെപ്പോലെയുള്ള നേതാക്കൾ ജോസ് വിഭാഗം യുഡിഎഫ് വിട്ടുപോകാതിരിക്കാൻ ശ്രമിക്കേണ്ടതായിരുന്നു എന്നു പരസ്യപ്രസ്താവന നടത്തിയതു കോൺഗ്രസിന് അലോസരമുണ്ടാക്കുകയും ചെയ്തു.