ഇങ്ങനെയടിച്ച കപ്പ് അർജന്റീനയ്ക്ക്..! ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ജോസ് കെ. മാണി എംപി പെനാല്‍റ്റി കിക്കില്‍ ഗോള്‍ നേടുന്നു. മന്ത്രി വി.എന്‍. വാസവന് സമീപം.-അനൂപ് ടോം
കോട്ടയം: ബ്രസീലിന്റെ തോല്‍വിയില്‍ നിരാശ പ്രകടമാക്കാതെ മന്ത്രി വാസവനും അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് ജോസ് കെ. മാണിയും കളത്തിലിറങ്ങിയതോടെ സഹകളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം.
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ടീമുകളുടെ നായകരായിട്ടാണ് മന്ത്രിയും എംപിയുമെത്തിയത്.
ജോസ് കെ. മാണി അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യുവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറും മത്സരക്രമീകരണങ്ങള്ക്കു നേതൃത്വം നല്കി.
ഡിവൈഎഫ്ഐ നേതാക്കളായ മഹേഷ് ചന്ദ്രന്, സതീഷ് വര്‍ക്കി, ടി.എസ് ശരത്, റിജേഷ് കെ. ബാബു, പ്രവീണ്‍ തമ്പി, എം.എസ്. അരുണ്‍, യൂത്ത് ഫ്രണ്ട് -എം നേതാക്കളായ സിറിയക് ചാഴികാടൻ, ബിറ്റു വൃന്ദാവന്‍, ജോജി കുറത്തിയാടന്‍, റോണി വലിയ പറമ്പില്‍, ജില്‍സ് കുര്യന്, ജോബ് സ്കറിയ, എല്‍ബി അഗസ്റ്റിന് എന്നിവരാണ് മന്ത്രിക്കും എംപിക്കുമൊപ്പം കളിക്കളത്തിലിറങ്ങിയത്.
സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ലോപ്പസ് മാത്യൂ, ജോസഫ് ചാമക്കാല, മാലേത്ത് പ്രതാപചന്ദ്രന്, ജോസഫ് കീപ്പുറം, ബെന്നി പൊന്നാരം എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫ്രാന്‍സും അര്‍ജന്റീനയും മികച്ച ടീമുകളാണെന്നും ഫൈനല്‍ വിജയികളെ പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും മന്ത്രി വി.എന്‍. വാസവന്. ബ്രസീല്‍ ഫുട്ബാള്‍ കിരീടം നേടണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹം. ലോകകപ്പിലെ ടീമുകളുടെ പ്രകടനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കപ്പുയര്‍ത്തുന്നത് കാണാനാണ് ആഗ്രഹമെന്നു ജോസ് കെ. മാണി എംപി ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം എതിരാളികള്ക്കനുസരിച്ച മികച്ച ഗെയിം പ്ലാനിലൂടെയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ഫ്രാന്‍സും മികച്ച ടീമാണെന്നും അദ്ദേഹം പറഞ്ഞു.