കോട്ടയം: കെ.എം.മാണിക്കെതിരേ വലിയ രാഷ്ട്രീയ ആയുധമായി മാറിയ ബാർ കോഴ കേസ് ഇപ്പോൾ പുതിയ തലത്തിൽ എത്തുന്പോൾ ഉള്ളാലെ സന്തോഷിക്കുന്നതു കേരള കോൺഗ്രസ് -എം ജോസ് വിഭാഗം .
കെ.എം.മാണിക്കെതിരേ ബാർകോഴ ആരോപണം ഉയർന്നപ്പോൾ തിരക്കിട്ടു ത്വരിതാന്വേഷണം നടത്തിയ കേസിൽ പെടുത്തിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്ന ആരോപണം കേരള കോൺഗ്രസ് -എം ജോസ് വിഭാഗം നേരത്തെ തന്നെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു.
പാർട്ടി ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസി നടത്തിയ അന്വേഷണത്തിലും സമാന കണ്ടെത്തലുകളാണ് ഉള്ളതെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. കെ.എം.മാണിക്കെതിരേ കരുക്കൾ നീക്കിയവർ അതേകേസിൽ കുടുങ്ങുന്നുവെന്ന സന്തോഷമാണ് കേരള കോൺഗ്രസ് -എം കേന്ദ്രങ്ങളിൽ പ്രകടമാകുന്നത്.
ബാർകോഴ കേസിൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഒടുവിൽ പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫ് പാളയത്തിൽ എത്താൻ ഇടയാക്കിയതും.
കെ.എം.മാണിക്കെതിരേ അന്വേഷണം നടത്തുന്നതിൽ യുഡിഎഫിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോൾ തങ്ങൾ ഉന്നമിട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അന്ന് ആരോപണം ഉന്നയിച്ച അതേ വ്യക്തിയുടെ ആരോപണത്തിന്റെ പുറത്തു കേസിൽ കുരുങ്ങുന്നതു കാലം കാത്തുവച്ച നീതിയാണെന്നു ചില നേതാക്കൾ പറയുന്നു.