കോട്ടയം: ജോസ് കെ. മാണി ഡൽഹിയിലെത്തി. രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമോയെന്ന ആകാംക്ഷയോടെ രാഷ്ട്രീയ ലോകം. ഇന്നലെയാണു രണ്ടു ദിവസത്തെ സന്ദർശത്തിനു ഡൽഹിയിലെത്തിത്.
കർഷകസമരത്തിന് ഐദ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു ഡൽഹിയിലെ സമരവേദിയിലും അദ്ദേഹം എത്തും. കേരള കോണ്ഗ്രസ് എം പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനാണ് ഡൽഹിയിലെത്തിയത്.
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ച ജോസ് കെ. മാണിയും തോമസ് ചാഴിക്കാടൻ എംപിയും സംഘടനാ തെരഞ്ഞെടുപ്പിന്റെ രേഖകൾ കൈമാറി.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി യോഗത്തിൽ അദ്ദേഹത്തെ വീണ്ടും കേരള കോണ്ഗ്രസ് എം പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ഇതടക്കമുള്ള രേഖകൾ കൈമാറുന്നതിനാണു ഡൽഹിയിൽ എത്തിയത്.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് എം യുഡിഎഫ് വിട്ടു എൽഡിഎഫിൽ ചേർന്നപ്പോൾ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിൽ നിന്നപ്പോൾ ലഭിച്ചതാണു രാജ്യസഭ എംപി സ്ഥാനം.