തിരുവനന്തപുരം: പിജെ ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ്കെ മാണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാമെന്ന് ജോസഫിനെ ചൂണ്ടി ജോസ് കെമാണി ഫെയ്സബുക്കിൽ പറയുന്നു.
ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്നും ജോസ് കെ മാണി ആരോപിക്കുന്നു. മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്.
ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടർന്ന് നിരവധിയായ വിമർശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളും തനിക്കെതിരെ ഉയരുകയുണ്ടായി.സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാം.
ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യ ത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവർത്തിച്ചത്. എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ല.
ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കു പോലും മറുപടി പറയുന്നില്ലെന്നും ജോസ് കെ മാണി പറയുന്നു.
അതേസമയം ധിക്കാരപരമായ നിലപാടുകളാണ് തോൽവിക്ക് കാരണമെന്ന് പി.ജെ ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ടില ചിഹ്നം നൽകാമെന്ന് പറഞ്ഞിട്ടും അതില്ലാതെ ജയിക്കുമെന്ന് പറഞ്ഞവരാണ് തോൽവിക്ക് കാരണമെന്നും പി.ജെ ജോസഫ് പറഞ്ഞു.