ഇടുക്കി/കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ ജോസ് കെ.മാണിക്ക് തിരിച്ചടി. ജോസിനെ ചെയർമാനാക്കിയ നടപടിയിലെ സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ്കോടതി വിധിച്ചു. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ജോസ് പക്ഷം സമർപിച്ച അപ്പീലാണ് കട്ടപ്പന സബ്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. പാർട്ടി ഭരണഘടന പ്രകാരമാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേർന്നെന്നുമുള്ള ജോസ് വിഭാഗത്തിന്റെ ഹർജിയിലെ വാദവും കോടതി തള്ളി.
നേരത്തെ, തൊടുപുഴ മജിസ്ട്രേറ്റ് പിൻമാറിയതിനെ തുടർന്നാണ് കേസ് ഇടുക്കി കോടതി പരിഗണിച്ചത്. ആദ്യ ഘട്ടത്തിൽ പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നത്.