കോട്ടയം: ഇടതു തരംഗത്തിനിടയിലും കേരള കോണ്‍ഗ്രസ് -എമ്മിന്റെ രണ്ടു സീറ്റുകളിലെ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പടർത്തുന്നു.
പാലായില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ.മാണിയുടെയും പിറവത്ത് സിന്ധുമോള്‍ ജേക്കബിന്റെയും തോല്‍വി ആണ് പാര്‍ട്ടിക്കുള്ളില്‍ ചർച്ചയായിരിക്കുന്നത്.
പാലായിലെ തോല്‍വിയിലാണ് അണികള്‍ക്ക് ഏറെ പരിഭവവും പരാതിയുമുള്ളത്. എന്നാല്‍, തോല്‍വിയില്‍ വലിയ പരാതി ഉയര്‍ത്തി കേരള കോണ്‍ഗ്രസ് -എം സിപിഎമ്മിനെ സമീപിക്കാനുള്ള സാധ്യത കുറവുമാണ്.
മിന്നുന്ന വിജയം നേടി മന്ത്രിസഭ രൂപീകരിക്കുന്ന വേളയിലാണ് താഴെത്തട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
താഴെത്തട്ടിൽ
പാലായില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
പാലായില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ക്കു കേരള കോണ്‍ഗ്രസ് -എം ഇടതുപക്ഷത്ത് എത്തിയതു അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
താഴെത്തട്ടില്‍ പ്രശ്നങ്ങളുണ്ടെന്നു സിപിഎമ്മും അംഗീകരിക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് പാലാ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് -എം കൗണ്‍സിലറും തമ്മിലുണ്ടായ അടിയും ഇലക്ഷനില്‍ പ്രതിഫലിച്ചെന്നും സംസാരമുണ്ട്.
രാജി ആവശ്യം
ജോസ് കെ. മാണിയുമായി ഏറെ അടുത്തു നില്ക്കുന്ന കേരള കോണ്‍ഗ്രസ് -എമ്മിലെ ചില നേതാക്കന്മാരെക്കെതിരേയാണ് പ്രവർത്തകരുടെ പ്രതിഷേധം.
തോൽവിയിൽ ഇവർക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് ആരോപണം. തോല്‍വിയെത്തുടര്‍ന്നു മുത്തോലി നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് രാജി സന്നദ്ധത അറിയിച്ചു രംഗത്തെത്തി.
പാലായിലെ തോല്വിയെക്കൂറിച്ചു യൂത്ത് ഫ്രണ്ട് നേതാവ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സിപിഎം വോട്ടുകൾ പാലായിൽ ചോർന്നെന്നാണ് മറ്റൊരു ആരോപണം. പല പഞ്ചായത്തുകളിലും വോട്ടിംഗ് പരിശോധിക്കുമ്പോള്‍ വോട്ടു ചോര്‍ന്നതായി മനസിലാകുന്നുണ്ടെന്നും ഇവർ പറയുന്നു.
പിറവം പാളിച്ച
പിറവത്തു കേരള കോണ്‍ഗ്രസ് -എം സിപിഎമ്മില്‍നിന്നു കടമെടുത്ത സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിന്റെ തോല്‍വിക്കു പിന്നിലും സിപിഎം വോട്ടുകള്‍ ചോര്‍ന്നതാണെന്നു കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു.
സിപിഎം ബന്ധം ഉപേക്ഷിച്ച് അതേ മുന്നണിയിലെ മറ്റൊരു കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിച്ചതു പ്രവർത്തകർക്കു ദഹിച്ചില്ലെന്നാണ് സൂചന.
മുന്‍ വര്‍ഷത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷം അനൂപ് ജേക്കബിനു ലഭിക്കാന്‍ കാരണം സിപിഎം വോട്ടുകളാണെന്നും പറയുന്നു.
അല്പംകൂടി ശ്രദ്ധയും കണക്കുകൂട്ടലുമുണ്ടായിരുന്നെങ്കിൽ രണ്ടോ മൂന്നോ സീറ്റുകൾക്കൂടി കേരള കോൺഗ്രസ് എമ്മിനു ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ.
കടുത്തുരുത്തിയിലും ചാലക്കുടിയിലും നിസാര വോട്ടുകൾക്കാണ് പിന്നിൽപ്പോയത്.
സിപിഎം അന്വേഷണം
പാലായിലെ തോല്‍വിയില്‍ സിപിഎം നേതൃത്വവും ഞെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലായിലെ തോല്‍വിയെക്കുറിച്ച് അടിയന്തരമായി പരിശോധിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം തോല്‍വിയെക്കുറിച്ചു പാര്‍ട്ടി വിശദമായി അന്വേഷിച്ചു വരികയാണ്.
ഉടന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കാനും സാധ്യതയുണ്ട്. സിപിഎമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും എന്നാല്‍ എല്‍ഡിഎഫിനു കിട്ടേണ്ട വോട്ടുകള്‍ ലഭിച്ചില്ലെന്നുമാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍ ബൂത്ത് തലത്തിലും വിശദമായി പരിശോധന നടത്തി വരികയാണ്.