തിരുവനന്തപുരം: ജോസ്.കെ.മാണി വിഭാഗം ഇടതു പക്ഷത്തേക്കെന്ന് ഉറപ്പായതോടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും.
ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനുള്ള തീരുമാനവും ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ഉണ്ടായേക്കും. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പൂർണമായി പുറത്താക്കുന്ന തീരുമാനമാകും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക.
യുഡിഎഫ് യോഗത്തിനു ശേഷം പി.ജെ ജോസഫ് വിഭാഗവും ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ തങ്ങളുടെ സ്ഥാനാർഥിയെ ജോസഫ് വിഭാഗം പ്രഖ്യാപിക്കുമെന്നറിയുന്നു.
കഴിഞ്ഞ തവണ മത്സരിച്ച അഡ്വ.ജേക്കബ് ഏബ്രഹാമിന്റെ പേര് ആണ് സജീവമായി നിൽക്കുന്നത്. എന്നാൽ കേരള കോൺഗ്രസ്-എം എന്ന പേരിന്റെയും രണ്ടില ചിഹ്നത്തിന്റെയും കാര്യത്തിലുള്ള അനിശ്ചിതത്വം ജോസഫ് വിഭാഗത്തെ വലയ്ക്കുന്നുണ്ട്.
കുട്ടനാട് സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് അഭിപ്രായം ഉന്നയിച്ചെങ്കിലും ഇതിന് മുതിർന്ന നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. മുസ്ലിംലീഗ് പോലുള്ള ഘടക കക്ഷികളുടെ അഭിപ്രായം മുന്നണി ബന്ധങ്ങൾ തകർക്കുന്ന തീരുമാനങ്ങൾ വേണ്ട എന്നാണ്.
അതേ സമയം കെ.എം മാണിക്കെതിരെ മുന്‍പ് നടത്തിയ ഇടതു പ്രക്ഷോഭം ഇന്ന് അപ്രസക്തമാണെന്നും ജോസ് പക്ഷത്തിന്റെ മുന്നണിപ്രവേശനം എൽഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവന് മാധ്യമങ്ങളോടു പറഞ്ഞു.
ജോസ് പക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അര്‍ഹമായ പരിഗണന നല്‍കുമെന്നും എ. വിജയരാഘവന് പറയുന്നു. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും വിരുദ്ധ നിലപാടുകളാണുള്ളതെന്നും നിലപാട് ഇടത് അനുകൂലമായാല്‍ പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
അതേസമയം യുഡിഎഫ് വിട്ടാലും ജോസ് വിഭാഗം വളരെപ്പെട്ടെന്ന് ഇടതു മുന്നണിയിലേക്ക് പ്രവേശിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പുതിയ സാഹചര്യം അണികൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
അടുത്ത എൽഡിഎഫ് യോഗത്തിൽ ജോസ് വിഭാഗത്തിന്റെ എൽഎഡിഎഫ് പ്രവേശനം സിപിഎം മുന്നോട്ടു വയ്ക്കും. ഈ മാസം അവസാനത്തോടെ ജോസ്.കെ.മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.