തിരുവനന്തപുരം/ കോട്ടയം: ഇടതുപക്ഷത്തോടു ചേർന്നു പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ച കേരള കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ എൽഡിഎഫിൽ ചേർക്കാൻ സിപിഎം കേന്ദ്രനേതൃത്വം അനുമതി നൽകി.
സിപിഐക്ക് എതിർപ്പില്ലാത്തതിനാൽ മുന്നണിയുടെ ഐക്യത്തിന് ദോഷമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം. മാത്രമല്ല എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ഈ വിഷയത്തിൽ ഇടതുമുന്നണിയിൽ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എന്ന് എസ് രാമചന്ദ്രന് പിള്ള അറിയിച്ചു.
ഇതോടെ ഉടൻ തന്നെ ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഏതാനും മാസങ്ങൾക്കു മുന്‍പു തന്നെ ജോസ് വിഭാഗവുമായുള്ള ചർച്ചകൾസജീവമാക്കാനും അവരെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു മുന്നണി ശക്തമാക്കാനും കേന്ദ്രനേതൃത്വം അനുവാദം നൽകിയിരുന്നു.
ഇതോടെയാണ് സിപിഎം ജോസ് വിഭാഗവുമായുള്ള ചർച്ചകൾ സജീവമാക്കിയത്. ജോസ് കെ.മാണി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ തന്നെ പ്രധാന നേതാക്കളുമായി കൂടിക്കണ്ട് മുന്നണി പ്രവേശനം ഉറപ്പാക്കും.
ഏറെക്കാലം മുന്നണിക്കു പുറത്തുനിൽക്കുന്നത് അനാവശ്യ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവയ്ക്കുമെന്ന ആശങ്ക എൽഡിഎഫിനും ജോസ് വിഭാഗത്തിനുമുണ്ട്. ഇപ്പോൾ തന്നെ പല സീറ്റുകളിലും തർക്കമുണ്ടെന്ന ആരോപണവും ആക്ഷേപവും രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നുണ്ട്.
എൽഡിഎഫിനു പുറത്തുതുടർന്നാൽ തർക്കം മൂലമാണ് മുന്നണി പ്രവേശനം വൈകുന്നതെന്ന ആക്ഷേപം ശക്തമാകും. അതൊഴിവാക്കാനാണ് എത്രയും വേഗം മുന്നണി പ്രവേശനം എന്ന ധാരണയിലേക്ക് നീങ്ങുന്നത്.
ഇതിനിടെ, ജോസ് കെ. മാണി രാജിവച്ചതിലൂടെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിനു തന്നെ നൽകിയേക്കുമെന്ന സൂചനകളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലും ഈ ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ വ്യക്തത ആയേക്കും.
അതേസമയം കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് ഇന്നത്തെ സിപിഎം-സിപിഐ യോഗത്തിൽ ചർച്ച ചെയ്യുമെങ്കിലും ഇക്കാര്യത്തിൽ സിപിഐ ജില്ലാ കമ്മിറ്റി എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്. എതിർപ്പ് സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അറിയിച്ചു കഴിഞ്ഞു.