തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എൽഡിഎഫ് അംഗീകാരം. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിൽ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു.
അതേസമയം ജോസ് വിഭാഗം മുന്നണിയിലെത്തുന്നതോടെ സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തി. പാലാ അടക്കമുള്ള സീറ്റുകളിലാണ് എൻസിപി ആശങ്ക അറിയിച്ചത്.
പാലായിൽ ധാരണയുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തെ അറിയിച്ചു.
38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് കെ.എം. മാണി നേതൃത്വം നൽകിയ കേരള കോണ്‍ഗ്രസ് എമ്മിൽനിന്നു ജോസ് കെ. മാണിയും കൂട്ടരും എതിർചേരിയിലേക്കു മാറിയത്.
ഉപാധികളോടെയല്ല എൽഡിഎഫിൽ ചേരുന്നതെന്ന് ജോസ് കെ. മാണി നേരത്തെ അറിയിച്ചിരുന്നു. ആത്മാഭിമാനം അടിയറവച്ചു മുന്നോട്ടു പോകാനില്ലെന്നും മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 38 വർഷമായി യുഡിഎഫിന്റെ ഉയർച്ചതാഴ്ചകളിലും വിജയപരാജയങ്ങളിലും കെ.എം. മാണി ഭാഗമായിരുന്നിട്ടും പാർട്ടിയെ സ്വന്തമാക്കാൻ പി.ജെ. ജോസഫിനു കോണ്‍ഗ്രസ് മൗനമായ പിന്തുണ നൽകി. കെ.എം. മാണി പടുത്തുയർത്തി യ പ്രസ്ഥാനത്തെ തകർക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ജോസ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പലഘട്ടങ്ങളിലായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മുമായി തുടർന്ന ഭിന്നതകൾക്കൊടുവിലാണ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം.