കോട്ടയം: ഒരേ ടേമിൽ രണ്ടു മുന്നണിയുടെയും രാജ്യസഭാംഗം എന്ന അപൂർവത കൈവരിച്ച് വീണ്ടും എംപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി പാലായിൽ വികസനം നേർക്കു നേർ ഏറ്റുമുട്ടും.
നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ജോസ് കെ.മാണിക്ക് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് തിരിച്ചുവരവാണ്.
പാർട്ടി ചെയർമാൻ എന്ന നിലയിൽ കേരള കോണ്‍ഗ്രസ് എം പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ചെയർമാന് എംപി സ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
കെ.എം.മണി അരങ്ങ് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഭിന്നിപ്പിന്റെ കാലത്തിനു ശേഷം പാർട്ടിയെ ഭദ്രമായി നിലനിർത്തിയ ജോസ് കെ.മാണിക്ക് ഒദ്യോഗിക സ്ഥാനങ്ങളില്ലാത്തതിനാൽ അണികൾക്ക് പരിഭവമുണ്ടായിരുന്നു.
എംപി സ്ഥാനം കിട്ടിയതോടെ ചെയർമാന് അഭിവാദ്യം അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകരുടെ അഭിനന്ദനം വൈറലായി.
മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലായിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇനി ജോസ് കെ.മാണി എംപി എന്ന നിലയിലും പാലായിൽ വികസന പ്രവർത്തനങ്ങൾ എത്തിക്കും.
കെ.എം.മാണി തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനൊപ്പം കേന്ദ്രാവിഷ്കൃത പദ്ധതികളും പാലായിൽ എത്തിക്കും. ഇതോടെ പാലായിൽ വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം വർധിക്കും.
ഇപ്പോൾ വികസനത്തെ ചൊല്ലി പ്രത്യേകിച്ച് ബൈപാസ് വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാലായിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരിലാണ്.
ജോസ് കെ.മാണി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസിനു രണ്ട് എംപിമാരായി. ഒപ്പം കോട്ടയത്തിനു വീണ്ടും കേന്ദ്രത്തിൽ പ്രാതിനിധ്യവും.
2014ൽ കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിച്ച ജോസ് കെ.മാണി 11 മാസം ബാക്കി നിൽക്കെയാണ് അംഗത്വം രാജിവച്ച് രാജ്യസഭയിലേക്ക് പോയത.് ബാർ കോഴ കേസിനെത്തുടർന്ന് യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെയാണ് യുഡിഎഫിൽ തിരികെ എത്തിയത്.
യുഡിഎഫിൽ എത്തിയതിന്റെ ഒത്തു തീർപ്പു ഫോർമുലയായിരുന്നു ജോസ് കെ.മാണിക്കുളള രാജ്യസഭ സീറ്റ്. 2021 ജനുവരി ഒന്‍പതിനാണ് രാജ്യസഭ എംപി സ്ഥാനം രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രാജി.
പാലായിൽ പരാജയപ്പെട്ടതോടെ ജോസ് കെ.മാണിക്ക് എംപി സ്ഥാനം നൽകാൻ ഇടതു മുന്നണിയും സിപിഎമ്മും തീരുമാനിക്കുകയായിരുന്നു.2004ൽ മൂവാറ്റുപുഴ ലോക്സഭ മണ്ഡലത്തിലായിരുന്നു ജോസ് കെ.മാണിയുടെ കന്നിയങ്കം.
ആദ്യ അങ്കത്തിൽ ജയിക്കാനായില്ലെങ്കിലും പിന്നീട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടു തവണ വിജയം. 2019ൽ തോമസ് ചാഴികാടനു സീറ്റു നൽകി വിജയിപ്പിച്ചു. കോട്ടയം ലോക്സഭ മണ്ഡലം എംപി എന്ന നിലയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനമാണ് മണ്ഡലമാകെ ജോസ് കെ.മാണി നടത്തിയത്.
ന്യൂ ജൻ എംപി എന്ന പേര് സന്പാദിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ, സയൻസ് സിറ്റി, റോഡ്, റെയിൽ വികസനം, കോട്ടയം റെയിൽവേ സ്റ്റേഷൻ ആധുനികവത്കരണം, വണ്‍ എംപി വണ്‍ ഇന്ത്യ പദ്ധതി, റബർ പാർക്ക്, മേൽപ്പാലങ്ങൾ, ബൈപാസുകൾ, ആധുകനിക ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച എംപി എന്ന പേരു നേടാൻ സാധിച്ചു.ജോസ് കെ.മാണി വീണ്ടും എംപി ആകുന്പോൾ പാലായ്ക്കും കോട്ടയത്തിനും പ്രതീക്ഷകൾ ഏറെയാണ്.