കോട്ടയം: കേരള കോണ്ഗ്രസ് -എം പേര് ഉപയോഗിച്ച ജോസഫ് വിഭാഗം നേതാക്കൾക്കെതിരെ പരാതിയുമായി ജോസ് കെ. മാണി വിഭാഗം രംഗത്തെത്തി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് കേരള കോണ്ഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നം ഉപയോഗിക്കുവാനുള്ള അവകാശം തങ്ങൾക്കാണെന്നു കാണിച്ചാണ് ജോസ് വിഭാഗം പരാതി നൽകിയത്.
ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിനെതിരേ കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.
സണ്ണി തെക്കേടം തനിക്ക് എതിരെ നൽകിയതു വ്യാജ പരാതിയാണെന്നു കേരള കോണ്ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ പറഞ്ഞു. സണ്ണിയെ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും സജി പ്രതികരിച്ചു.
ഇന്നലെ ഇടുക്കി ചെറുതോണിയിൽ ഭൂപ്രശ്നങ്ങളുന്നയിച്ച് പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയുടെ ബാനറിൽ കേരള കോണ്ഗ്രസ് -എം എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ലംഘനമെന്നാരോപിച്ച് ജോസ് വിഭാഗം ഡിജിപിക്കും ഇടുക്കി ജില്ലാ പോലീസ് ചീഫിനും പരാതി നൽകി.
ഇതേത്തുടർന്നു സമരപന്തലിലെ ബാനറിൽ എം എന്ന ഭാഗം മറച്ചു.