കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിനൊപ്പം നിലനിർത്താൻ തിരക്കിട്ട ചർച്ചകളുമായി കോണ്‍ഗ്രസ്. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ വരുംദിവസങ്ങളിൽ ജോസ് കെ. മാണിയുമായി ചർച്ച നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയും ഇവർക്കുണ്ട്. ജോസ്- ജോസഫ് ഭിന്നതയിൽ ജോസിനെ തഴഞ്ഞ രമേശ് ചെന്നിത്തല ഇപ്പോൾ അവരെ ഒപ്പം കൂട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഷയം അടഞ്ഞ അധ്യായമല്ലെന്നും അവരെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നുമുള്ള നിലപാടിലേക്കു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാറി. ജോസ്- ജോസഫ് വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ് തുടങ്ങിയവർ ജോസ് കെ. മാണിയെ യുഡിഎഫിൽ നിലനിർത്തുന്നതിനു പൂർണ പിന്തുണ നൽകുന്നവരാണ്.
ജോസ് കെ. മാണി വിഭാഗത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോണ്‍ഗ്രസ് -എം പാർട്ടി പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാൻ അനുമതി നൽകിയതോടെ കേരള രാഷ്ട്രീയ ചർച്ചകളടെ കേന്ദ്രമായി വീണ്ടും കോട്ടയം മാറുകയാണ്.
തിരിച്ചുകൊണ്ടുവരാൻ പട്ടിക !
ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാൻ പട്ടിക തയാറാക്കി ജോസ് കെ. മാണി വിഭാഗം. കേരള കോണ്‍ഗ്രസ് -എം പാർട്ടിയും രണ്ടില ചിഹ്നവും ലഭിച്ചപ്പോൾ പലരും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.
തിരിച്ചെത്തുന്നവരിൽ സ്വീകരിക്കേണ്ടവരെക്കുറിച്ചും ഇവർക്കു മുന്നിൽ വയ്ക്കേണ്ട നിബന്ധനകളെക്കുറിച്ചും ആലോചന ശക്തമാണ്. ഒന്നാംനിര നേതാക്കളെ ഒഴിവാക്കി രണ്ടാംനിര നേതാക്കളെയും പ്രവർത്തകരെയും ഒപ്പം ചേർത്തു പാർട്ടി ശക്തിപ്പെടുത്താനാണു ജോസ് കെ. മാണിയുടെ ശ്രമം.
ഇതിനായി ഇന്നു മുതൽ ജില്ലാ നേതൃയോഗങ്ങൾ ആരംഭിക്കുകയാണ്.
അതേസമയം, ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാൻ ജോസ് കെ. മാണി നടത്തുന്ന ശ്രമങ്ങളിൽ സി.എഫ്.തോമസ് വഴങ്ങില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
നിലവിൽ തുടരുന്ന പാർട്ടി നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായി സി.എഫ്. തോമസ് എംഎൽഎ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കോടതി വിധി എന്തായാലും നിലവിൽ പുലർത്തി വരുന്ന നിലപാടുകളിൽ ഒരു മാറ്റവുമില്ല. അതു കൃത്യമായ ബോധ്യങ്ങളിൽ രൂപപ്പെട്ടതാണ്.
കേരള കോണ്‍ഗ്രസ് പാർട്ടി ചിഹ്നവും ചെയർമാൻ സ്ഥാനവും സംബന്ധിച്ച തീരുമാനത്തിനൊപ്പമാണ് തന്റെ നിലപാടെന്നു മുൻ പ്രസ്താവനകളുടെ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ സി.എഫ്. തോമസ് കൂടുതൽ വ്യക്തത വരുത്തിയത്.
കേരള കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷമായതു മുതൽ ഇദ്ദേഹം പി.ജെ. ജോസഫിനൊപ്പമാണ് നിലകൊള്ളുന്നത്.