കേന്ദ്രത്തില്‍ ബിജെപി മുന്നണിയില്‍ ചേര്‍ന്ന് മന്ത്രിസഭയില്‍ ഇടംനേടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജോസ് കെ.മാണി എംപി. ബിജെപി ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ലെന്നു സമൂഹമധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജോസ് കെ.മാണി വ്യക്തമാക്കി.
ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ജോസ് കെ.മാണി ഫേസ്ബുക്കില്‍ കുറിച്ചു.
നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ.മാണി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍വന്ന വാര്‍ത്ത. വേളാങ്കണ്ണിയില്‍ പ്രാര്‍ഥിച്ച് ജോസ് കെ. മാണി സത്യപ്രതിജ്ഞക്കു ഡല്‍ഹിയിലേക്കു തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.