തൃശൂർ: പിളർന്നിട്ടു തിരിച്ചുവന്നവരെപ്പോലും കെ.എം. മാണി കൈനീട്ടി സ്വീകരിച്ചതു കർഷക രാഷ്ട്രീയത്തിനായി നടത്തിയ പോരാട്ടങ്ങൾ വിഭജിക്കപ്പെടാതിരിക്കാനാണെന്നു ജോസ് കെ.മാണി എംപി. കർഷകർക്കായി പാർട്ടി നടത്തിയ എല്ലാ സമരങ്ങളെയും വിവാദങ്ങളും വിഭാഗിയതയും സൃഷ്ടിച്ചു ദുർബലപ്പെടുത്താനാണ് ജോസഫ് വിഭാഗം ശ്രമിച്ചതെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തി.
ഏപ്രിൽ 29നു കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച തൃശൂർ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിയെ വ്യക്തിഹത്യചെയ്ത് പാർട്ടി പിടിച്ചെടുക്കാൻ രാഷ്ട്രീയ ഭാഗ്യാന്വേഷികളായ ചിലർ നിരന്തരം ശ്രമിച്ചു. ഇവർ കെ.എം. മാണിയോടു കാട്ടിയതു കൊടുംവഞ്ചനയാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ അത്തരക്കാർ നടത്തിയ കൊടുംചതിയാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകി തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.ടി. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ.ജയരാജ് എംഎൽഎ, ബെന്നി കക്കാട്, സ്റ്റീഫൻ ജോർജ്, പ്രമോദ് നാരായണ്‍, ബേബി മാത്യു കാവുങ്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി നെല്ലിക്കുഴി, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, പി.ടി മാത്യു, ജോർജ് പായപ്പൻ, റോയി ജോർജ്, ടി.കെ വർഗീസ്, കെ.സി വർഗീസ് എന്നിവർ പ്രസംഗിച്ചു.