കോട്ടയം: കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സയ്ക്കായി ഇനി പാലായിൽ നിന്ന് കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ പോാകേണ്ട. കേന്ദ്ര ആറ്റോമിക് എനർജി വിഭാഗത്തിൽ നിന്നും പാലാ ജനറൽ ആശുപത്രിക്ക് ആധുനിക റേഡിയേഷൻ ചികിത്സാ സംവിധാനത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ തന്നെ റേഡിയേഷൻ ചികിത്സ തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു. റേഡിയേഷൻ ചികിത്സയ്ക്ക് ആവശ്യമായ നൂതന ടെലി കൊബാൾട്ട് മെഷീൻ, ടെലി കൊബാൾട്ട് സോഴ്സ്, റേഡിയേഷൻ സിമുലേറ്റർ, ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചത്.
ഈ സൗകര്യങ്ങൾ വരുന്നതോടുകൂടി നൂതന റേഡിയേഷൻ ചികിത്സകളായ ആർക്ക് തെറാപ്പി, ഐഎംആർടി, ത്രിഡി സിആർടി തുടങ്ങി ഒട്ടു മിക്ക റേഡിയേഷൻ ചികിത്സകളും ഇവിടെത്തന്നെ നൽകാൻ സാധിക്കും.ജനുവരി 2018 ൽ ആരംഭിച്ച കാൻസർ ചികിത്സാ വിഭാഗം നിർധനരായ കാൻസർ രോഗികൾക്ക് ഒരു വലിയ ആശ്വാസമാണ് നൽകിയത്.
നിലവിൽ ഈ വിഭാഗത്തിൽ കീമോതെറാപ്പി, ഹോർമോണ്‍ തെറാപ്പി, ടാർജെറ്റ് തെറാപ്പി എന്നീ ചികിത്സകൾ ലഭ്യമാണ്. ഇപ്പോൾ റേഡിയേഷൻ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ മെഡിക്കൽ കോളജിലേക്കോ, ആർസിസി യിലേയ്ക്കോ അയക്കുകയാണ് ചെയ്യുന്നത്.
ഇത് രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ അവസരത്തിലാണ് ജോസ് കെ.മാണി എം.പിയുടെ പ്രത്യേക ശ്രമഫലമായി കേന്ദ്ര ആറ്റോമിക് എനർജി വിഭാഗത്തിന്റെ ഈ തുക പാലാ ജനറൽ ആശുപത്രിക്ക് ലഭിക്കുന്നത്.