പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് – എമ്മിന് ഒരു മണ്ഡലം വേണമെന്നാവശ്യത്തില്‍ ഉറച്ചു നില്ക്കാന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്നലെ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയോഗം കടുത്ത നിലപാടെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവുമായി സംസാരിക്കുകയും പത്തനംതിട്ടയില്‍ ഒരു സീറ്റെന്ന ആവശ്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് സൂചന നല്‍കുകയും ചെയ്തു.
എല്‍ഡിഎഫുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും പാര്‍ട്ടിക്കു ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ പത്തനംതിട്ടയിലെ ഒരു സീറ്റിനെ സംബന്ധിച്ച് പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മറ്റു തീരുമാനങ്ങളെടുക്കാതെ പാര്‍ട്ടിക്ക് ഒരു സീറ്റെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ച് യോഗം പിരിയുകയായിരുന്നു.
കിട്ടിയാൽഎൻ.എം. രാജു
യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് -എം മത്സരിച്ചിരുന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ പകരം റാന്നിയാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്.
റാന്നി ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ആറന്മുളയാകാമെന്നും നിര്‍ദേശമുണ്ടായി. എന്നാല്‍ കേരള കോണ്‍ഗ്രസിന് ജില്ലയില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
പാര്‍ട്ടിക്ക് സീറ്റു ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത നിലപാടിലേക്ക് മാറേണ്ടിവരുമെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. റാന്നി മണ്ഡലം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു റാന്നിയില്‍ സ്ഥാനാര്‍ഥിയാകുമെന്നും പ്രചാരണമുണ്ടായിരുന്നു.
രാജുവിനു പകരംറോഷന് റാന്നിയില്‍ ? ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും ചേരും
പത്തനംതിട്ട: സിപിഎം എംഎല്‍എമാരില്‍ രണ്ടുടേം പൂര്‍ത്തീകരിച്ചവര്‍ മാറിനില്‍ക്കണമെന്ന കാര്യത്തില്‍ ഇളവുകള്‍ വേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നതോടെ അഞ്ചു ടേം പൂര്‍ത്തീകരിച്ച രാജു ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി.
സെക്രട്ടേറിയറ്റ് തീരുമാനം ഏഴിനു കൂടുന്ന സിപിഎം ജില്ലാ യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. രാജുവിനു പകരം സ്ഥാനാര്ഥിയെങ്കില് അന്തിമ തീരുമാനം ഈ യോഗം മുന്നോട്ടുവയ്ക്കും. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലെ നിര്‍ദേശം കൂടി അറിഞ്ഞശേഷമാകും അന്തിമ തീരുമാനം.
റാന്നിയില്‍ ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്‍എ രാജു ഏബ്രഹാമിന് ഇളവു നല്‍കണമെന്നാവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശാനുസരണം രാജുവിന് സീറ്റില്ലെങ്കില്‍ പിഎസ്്സി അംഗം റോഷന് റോയി മാത്യുവിന്റെ പേര് ഉള്‍പ്പെടുത്തിയാണ് സെക്രട്ടേറിയറ്റ് പട്ടിക നല്‍കിയത്.
പിഎസ്്സിയില്‍ റോഷന് ഇനി മൂന്നുവര്‍ഷം കൂടി കാലാവധിയുണ്ട്. മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം ഒന്നുംവന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ റോഷന്് സീറ്റു നല്‍കണമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ സംസ്ഥാന സമിതി മുമ്പാകെ നിര്‍ദേശം വയ്ക്കുകയും ചെയ്തു.
നിലവിലെ സിപിഎം എംഎല്‍എമാരില്‍ സീനിയോറിറ്റിയില്‍ മുമ്പിലുള്ള ആളാണ്.കേരള കോണ്‍ഗ്രസ് -എം റാന്നി സീറ്റിന് അവകാശവാദം ശക്തമാക്കിയാല്‍ അവര്‍ക്ക് വിട്ടുകൊടുക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകുമെന്നാണ് സൂചന. മണ്ഡലം വച്ചുമാറ്റം ഉള്‍പ്പെടെയും ആലോചനയിലുണ്ടാകും.