കോട്ടയം: കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്ന നിർണായക യോഗം കോട്ടയത്ത് ചേരുന്നു. യോഗത്തിനുശേഷം ജോസ് കെ. മാണി പ്രഖ്യാപിക്കുന്ന നിർണായക തീരുമാനങ്ങൾക്കായി രാഷ്്ട്രീയ കേരളം കാതോർത്തിരിക്കുകയാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നല്കിയ നിർദേശം പാലിക്കാൻ ജോസ് വിഭാഗം തയാറാകാതെ വന്നതോടെയാണ് ഇന്നലെ യുഡിഎഫിൽ നിന്നു ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത്.
തുടർന്നുണ്ടായ പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നു രാവിലെ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ അവയ്ലബിൾ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നിരിക്കുന്നത്.
2016ലെ നിയമസഭ തെഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായിട്ടുള്ള അഭിപ്രായ ഭിന്നതകളെതുടർന്നു അന്നു കെ.എം. മാണിയുടെ നേതൃത്വത്തിലായിരുന്ന കേരള കോണ്‍ഗ്രസ് എം ചരൽക്കുന്നിൽ ക്യാന്പ് ചേർന്ന് യുഡിഎഫ് വിട്ട് നിയമസഭയിൽ പ്രത്യേക ബ്ലോക്കായിട്ട് ഇരിക്കാൻ തീരുമാനിച്ചു.
അന്നു സ്വതന്ത്ര നിലപാട് സ്വീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സമാനമായ നിലപാട് ഇന്നും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ സ്വീകരിക്കാനായിരിക്കും തീരുമാനിക്കുക. ഈ നിലപാടിനോട് സ്്റ്റിയറിംഗ് കമ്മിറ്റിയിലെ അംഗങ്ങൾക്കും പൂർണമായ യോജിപ്പാണ്.
പീന്നിട് ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ സജീവമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനകൾ പുറത്തുവരുന്നു. ഇക്കാര്യങ്ങളിൽ ഇന്നു ചർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്.
ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് സ്്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളുടെ അഭിപ്രായം. ജോസ് വിഭാഗം മുന്നണി വിടുന്നതിനോട് യുഡിഎഫിലെ പ്രമുഖ ഘടകക്ഷിയായ മുസ്ലീം ലീഗ് താൽപര്യം കാണിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും ഇതിനോട് താൽപര്യം കാണിക്കുന്നില്ല.
കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തെ എൽഡിഎഫ് മുന്നണിയിൽ എടുക്കുന്നതിനോടു സിപിഐ കഴിഞ്ഞ ദിവസം തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബിജെപി, എൻഡിഎ നേതൃത്വവും ജോസ് കെ. മാണിയുടെ നിലപാടുകളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.