തെരുവുനായ് ആക്രമണത്തിനിരയായ ആടിനു പേ വിഷബാധ! ആലുവ നിവാസികള്‍ ആശങ്കയില്‍; ജോസ് മാവേലിക്കെതിരേ നല്ല നടപ്പിന് കേസ്

jose_maveliആലുവ: പേയിളകി പാഞ്ഞു നടക്കുന്ന തെരുവുനായകള്‍ ആലുവ നഗരത്തില്‍ ഭീതി പരത്തുന്നു. തെരുവുനായയുടെ കടിയേറ്റ് പേയിളകിയ ആടുകളെ അധികൃതര്‍ കുത്തിവെച്ച് കൊന്നെങ്കിലും ആശങ്കകള്‍ അകലുന്നില്ല. ഇതിനിടയില്‍ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ സര്‍വ്വ സഹായവും ചെയ്തു കൊടുത്തതിന്റെ പേരില്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാനും സംഘത്തിന്റെ മുഖ്യ സാരഥിയുമായ ജോസ് മാവേലിക്കെതിരെ ആലുവ പോലീസ് നല്ല നടപ്പിന് കേസെടുത്തു. തെരുവുനായാക്രമണത്തിനെതിരെ ആലുവയില്‍ ജനരോക്ഷം ശക്തമായിരിക്കുകയാണ്.

നഗരസഭ ആറാം വാര്‍ഡില്‍ കൂവക്കാട്ടില്‍ താമരക്കാട്ട് വീട്ടില്‍ രാജുവിന്റെ തള്ളയാടിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് മണപ്പുറത്ത് മേയാന്‍ വിട്ടപ്പോഴാണ് കടിയേറ്റത്. വീട്ടില്‍ തിരിച്ചെത്തിയ ആട് ആക്രമസ്വഭാവം കാട്ടാന്‍ തുടങ്ങിയതോടെയാണ് പേയിളകിയത് വീട്ടുകാര്‍ ശ്രദ്ധിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ബോബോ ഫെബിയാനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ആടിന് പേ വിഷബാധ സ്ഥിരീകരിച്ചെങ്കിലും കൊല്ലാന്‍ ഡോക്ടര്‍ അനുമതി നല്‍കിയില്ല. ഇതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികള്‍ ജില്ലാ വെറ്റിനറി ഓഫീസുമായി ചര്‍ച്ച നടത്തി കടിയേറ്റ് പേയിളകിയ തള്ളയാടിനെയും കുഞ്ഞിനെയും കുത്തിവച്ചു കൊല്ലുകയായിരുന്നു.

എന്നാല്‍ പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വരെ ആടിന്റെ പാല്‍ കുടിച്ച വീട്ടുകാരും അയല്‍വാസികളും ആശങ്കയിലാണ്. നിര്‍ധന കുടുംബത്തിന്റെ ജീവിത മാര്‍ഗമായിരുന്നു ആടുകള്‍. വിശാലമായ ആലുവ മണപ്പുറത്താണ് സമീപത്തുള്ള ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിട്ടിരുന്നത്. ഇത്തരത്തില്‍ ധാരാളം മൃഗങ്ങളാണ് മണപ്പുറത്ത് മേഞ്ഞു നടക്കുന്നത്. മറ്റു മൃഗങ്ങള്‍ക്കും പേപിടിച്ച നായയുടെ കടിയേറ്റിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇതു പരിശോധിക്കാന്‍ അധികൃതര്‍ക്ക് എംഎല്‍എ അടക്കമുള്ളവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, തെരുവുനായ ആക്രമം അതിരൂക്ഷമായതോടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ആക്രമണകാരികളായ നായകളെ ഉന്മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ജോസ് മാവേലിക്കെതിരെ പോലീസ് നല്ല നടപ്പിന് കേസെടുത്തിരിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്തെ ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അപകടകാരികളായ നായകളെ പിടികൂടി കൊല്ലുന്നതിന് ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ മൃഗ സ്‌നേഹികള്‍ നല്‍കിയ പരാതിയില്‍ വിവിധ സ്റ്റേഷനുകളിലായി അദ്ദേഹത്തിന് ഒന്‍പതു കേസുകള്‍ നിലവിലുണ്ട്. മേലില്‍ ഇത്തരം കുറ്റകൃത്യത്തിന് മുതിരില്ലെന്ന് ബോണ്ട് എഴുതി വാങ്ങണമെന്ന് ആലുവ ഈസ്റ്റ് പോലീസ് ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതു സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചതായി ജോസ് മാവേലി രാഷ്ട്രദീപികയോടു പറഞ്ഞു. ഭയവിഹലരായ ജനങ്ങളുടെ ജീവന് സുരക്ഷ കൊടുക്കുന്നതിന്റെയും വളര്‍ത്തു മൃഗങ്ങളടക്കമുള്ളവയുടെ നന്മക്കായി പ്രവര്‍ത്തിക്കുന്നതിന്റെയും പേരില്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് പ്രകാരം കേസെടക്കുന്നത് സാമാന്യ നീതിക്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Related posts