തിരുവനന്തപുരം: ആലുവ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയടക്കം നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന കുട്ടികളെ കാണാനില്ലെന്നും കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പിരിവും പ്രചാരണവും നടത്തിയെന്നും കാട്ടി സാമൂഹ്യനീതിവകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജുവനൈൽ ജസ്റ്റീസ് ആക്ട് 74,76, ഐപിസി 370 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓർഗനൈസ്ഡ് ക്രൈം വിംഗ് എറണാകുളം എസ്പി പി .എൻ. ഉണ്ണിരാജനെ ചുമതലപ്പെടുത്തി.
ജനസേവ ശിശുഭവൻ കഴിഞ്ഞ മാസം സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെയും അവിടെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡൽഹി, ഒഡിഷ, പശ്ചിമ ബംഗാൾ, കർണാടകം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന 104 കുട്ടികളെ ഹോമിൽ കാണാനില്ലായിരുന്നു. ഇവരെ നാട്ടിലേക്ക് അയച്ചെന്നാണ് അധികൃതർ പറഞ്ഞത്.
എന്നാൽ, നാലുപേർ പിന്നീട് ഭിക്ഷാടനം നടത്തുന്നതായി കണ്ടു. ഈ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ബ്രോഷർ അച്ചടിച്ച് പണപ്പിരിവ് അടക്കം നടത്തിയതായും കണ്ടെത്തി. ഇതോടെയാണ് സാമൂഹ്യനീതി ഡയറക്ടർ ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്.