ആലുവ: പത്തനംതിട്ടയിൽ അഭിരാമി എന്ന പന്ത്രണ്ടുകാരി തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ ഒറ്റയാന് പ്രതിഷേധവുമായി തെരുവുനായ സമരസമിതി ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ ജോസ് മാവേലി.
തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… എന്ന മുദ്രാവാക്യവുമായി മാവേലിത്തമ്പുരാന്റെ വേഷപ്പകര്‍ച്ചയിലാണ് ജനസേവാ ചെയർമാൻ കൂടിയായ ഇദ്ദേഹം തന്റെ ഓഫീസിനു മുന്നിൽ വേറിട്ട പ്രതിഷേധം നടത്തിയത്.
നായശല്യത്തിനെതിരേ സര്‍ക്കാര്‍ ചെറുവിരല്‍പ്പോലും അനക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് തെരുവുനായകളെ പരിപാലിക്കണമെന്നും ജോസ് മാവേലി ആവശ്യപ്പെടുന്നു.
2016ൽ വർക്കലയിൽ തെരുവുനായകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായിരുന്ന ജോസ് മാവേലിയെ രണ്ടുമാസം മുന്‍പ് കോടതി ശിക്ഷിച്ചിരുന്നു.
കോടതി പിരിയുംവരെ തടവും 4,550 രൂപ പിഴയുമാണ് വർക്കല ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന 90 കാരനെ വർക്കലയിൽ തെരുവുനായകൾ കടിച്ചുകീറി കൊന്നതിനെത്തുടർന്ന് ജോസ് മാവേലി അവിടെ എത്തുകയും നാട്ടുകാരെ സംഘടിപ്പിച്ച് തെരുവുനായകളെ കൊന്നൊടുക്കുകയും ചെയ്തെന്നായിരുന്നു കേസ്.
മൃഗസ്നേഹികൾ നൽകിയ പരാതിയിലാണ് അന്ന് പോലീസ് കേസെടുത്തത്.