അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെന്തുട്ടടാ ക്ടാവേ… ആയിരത്തി ഒരുന്നൂറ്റി ഒന്പത് എടവം ഒന്പതാം തീയതി വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക്. നിന്റെ കൈയാ പെറ്റേ!
ങേ..
അതേടാ, എല്ലാ കുട്ട്യോളും മൊഖം പൊറത്തായിട്ടാ വരാ. നീ വലത്തേ കൈയുംകൊണ്ടാ വന്നേ.
അമ്മേ.. അപ്പോ, ഞാൻ പിച്ചക്കാരനാമ്മേ…
(അമ്മ ചിരിച്ചു)
ഇതൊരു നാടകത്തിന്റെയോ സിനിമയുടെയോ സ്ക്രിപ്റ്റല്ല. ജോസ് പായമ്മലെന്ന ഇൻസ്റ്റന്റ് കോമഡി നാടകസമ്രാട്ടിന്റെ ജനനത്തെക്കുറിച്ചു ഹാസ്യരൂപേണയുള്ള സ്വയാവതരണം. ഇതിലെ ആളുകളും സന്ദർഭങ്ങളും തികച്ചും സാങ്കല്പികമല്ല. സ്വന്തം ജീവിതത്തിന്റെ കനൽപ്പാളികളിൽനിന്ന് കാലത്തിനുപോലും മായ്ക്കാനാകാത്ത വികാരവായ്പോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഒരു ഒാർത്തെടുക്കൽ.
അന്ന്, പാവു അന്പട്ടത്തീന്ന് പറയണ ഒരു വയറ്റാട്ട്യാണ് നമ്മടവടീള്ളത്. അമ്മ പതിനൊന്നു പെറ്റു. പതിനൊന്നെടുത്തതും ഇൗ സ്ത്രീയായിരുന്നു.
അവരു പറഞ്ഞു, ചതിച്ചൂലോ കൊച്ചുലോനപ്പാന്ന്, അപ്പനോട്.
എന്തേ…
കുട്ടീടെ കൈയാ വന്നേക്കണേ…
അയ്യോ! ഇനീപ്പോ എന്താ ചെയ്യാ…
നീ പോയിട്ടേ പറന്പീന്ന് ഒരു പച്ചീർക്കിലി കൊണ്ട്രാൻ പറഞ്ഞു. ന്ന്ട്ട് ചിമ്മിനി എടുക്കാൻ പറഞ്ഞു. ചിമ്മിനീല് ഇൗർക്കിലി മുക്കി. ന്ന്ട്ട് തീനാളത്തില്വച്ച് പഴുപ്പിച്ച് കൈയിലാവച്ചു. ഞാനപ്പോ, അയ്യോ..! ന്ന് പറഞ്ഞു കൈയ്യങ്കടാ വലിച്ചു.അതോണ്ടാണ് ഞാനെന്റെ ജന്മദിനം മറക്കാത്തെ. 1934 മേയ് 23നു വെള്ളിയാഴ്ച. അതാണിംഗ്ലീഷ് മാസം.
ഇൗ തൊണ്ണൂറാം വയസിലും തന്റെ പിറവിയിലെ രംഗങ്ങൾ അമ്മയിൽനിന്നു കേട്ടറിഞ്ഞത് അല്പം നാടകീയമായി ജോസ് പായമ്മൽ അവതരിപ്പിക്കുന്നതു കേൾക്കുന്നവർ, അഭിനയത്തികവിൽ ഉരുത്തിരിയുന്ന ഭാവപ്പകർച്ചകൾ അദ്ഭുതത്തോടെ നോക്കിയിരിക്കും. ചിരിപ്പടക്കങ്ങൾ പൊഴിക്കുന്ന ഹാസ്യമുത്തുകൾ ആസ്വദിക്കും.
മനസ് കാലങ്ങൾക്കു പിറകേ പായുന്പോൾ താൻ തകർത്തഭിനയിച്ചു കൈയടി നേടിയ ജീവിതരംഗങ്ങൾ അരങ്ങിലെ വീരചരിതംപോലെ ആ നാടകക്കാർന്നോരിൽനിന്നു നമുക്കു കേൾക്കാം.
സ്നേഹപൂർവം… ജോർജ് ചിറപ്പണച്ചൻ
അന്നൊക്കെ പട്ടിണിയായിരുന്നു. സ്കൂൾ തുറന്നിട്ടും പുസ്തകം വാങ്ങിത്തരാൻ അപ്പനു കഴിവുണ്ടായില്ല. ഞങ്ങളെന്നും ക്ലാസിൽ പോകും. ഞാനും ചേട്ടനും നാലാം ക്ലാസിലായിരുന്നു. ഒരു ദിവസം അപ്പൻ പറഞ്ഞു, മക്കളേ… ഞാനൊരു കത്തുതരാം.അന്ന് ഇരിങ്ങാലക്കുടയിലൊരു അനാഥശാലയുണ്ട്, ഇംഗ്ലണ്ടിലെ ഒരു സായിപ്പിന്റ്യാ. നിങ്ങളത് അദ്ദേഹത്തിനു കൊണ്ടുകൊടക്ക്. സായിപ്പു തരും പുസ്തകം വാങ്ങാനുള്ളത്. അപ്പനൊരു എഴുത്ത് തന്നു.
ഇൗ വരുന്ന കുട്ടികൾ എന്റെ മക്കളാണ്. അവർ സിഎംഎസ് സ്കൂളിലെ (ഠാണാ) നാലാംക്ലാസിലാണു പഠിക്കുന്നത്. അവർക്ക് സ്കൂൾ തുറന്നിട്ട് രണ്ടരമാസമായെന്നു താങ്കൾക്ക് അറിയാമല്ലോ. ഒരു പുസ്തകംപോലും വാങ്ങിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. കഴിയുമെങ്കിൽ അവർക്കു പുസ്തകം വാങ്ങിക്കൊടുത്തു സഹായിക്കണം.
എന്ന്
അപ്പന്റെ പേര് (ഒപ്പ്)
കത്തുവാങ്ങി ഞാനും ചേട്ടനും വീട്ടിൽനിന്നിറങ്ങി. ഞങ്ങൾക്കൊരു ചമ്മൽ. ഇത്രയും വലിയ തറവാട്ടുകാരായ, ഇത്രയും വലിയ മഹാനായ അപ്പൻ (ഞങ്ങൾക്കു ഞങ്ങളുടെ അപ്പൻ) നമ്മളെ പിച്ചക്കാരെപ്പോലെ വിട്ടില്ലേ, ചേട്ടാ.. നാണക്കേടല്ലേ. ഇനിയെന്താ ചെയ്യാ. ഞങ്ങൾ അനാഥശാലയുടെ പടിവരെ പോയി. ചേട്ടൻ പറഞ്ഞു. നമുക്ക് സായിപ്പിനെ കണ്ടില്ലെന്നു പറയാം. തിരിച്ചുവന്ന് അപ്പനോടു പറഞ്ഞു, സായിപ്പ് ഇംഗ്ലണ്ടിലേക്കു പോയി. അപ്പന് പറഞ്ഞു, നിങ്ങൾക്കു യോഗമില്ല.
അപ്പന്റെ രണ്ടാമത്തെ കത്ത് അന്ന് അസിസ്റ്റന്റ് വികാരിയായിരുന്ന ജോർജ് ചിറപ്പണത്തച്ചനായിരുന്നു.
ഇത്രേം പാകല്ല്യേടാ നിനക്ക്. ഉം എന്തു വിലയാ പുസ്തകത്തിന്..? 14 അണ.
ചേട്ടനും അനിയന ുംകൂടി അച്ചൻ 28 അണ തന്നു.
എവിടുന്നാടാ വാങ്ങാ? ഠാണാവീന്ന് സി.എ. ജോസിന്റെ കടേന്ന്.
പോയി വാങ്ങീട്ട് തിരിച്ചിതിലേ വരാൻ പറഞ്ഞു. പുസ്തകം വാങ്ങാൻ പോകുന്പോൾ വീണ്ടും ഒരു തറവാടിത്തം, ഞങ്ങൾക്ക്.നമ്മൾ കള്ളന്മാരാണെന്ന് വിചാരിച്ചിട്ടുണ്ടാവോ അച്ചൻ, അതോണ്ടാണോ തിരിച്ചതിലേ വരാൻ പറഞ്ഞെ. നമ്മുടെ മോത്ത് നോക്ക്യാ തോന്നോടാ അങ്ങനെ, ഞാൻ ചേട്ടനോടു ചോദിച്ചു. എന്തായാലും പുസ്തകം വാങ്ങിച്ചെന്നു. അച്ചൻ പറഞ്ഞു, മിടുക്കൻമാർ. എന്നിട്ട് അതിൽ സ്നേഹപൂർവം ജോർജ് ചിറപ്പണത്തച്ചൻ എന്ന് എഴുതിത്തന്നു.
അങ്ങനെ പഠിച്ചു. കണക്കിനും ഹിന്ദിക്കും 90 മാർക്ക്. മലയാളത്തില് 100 മാർക്ക്.അതു കഴിഞ്ഞ് തുന്നക്കടയിൽ ജോലിക്കുപോയി, കൃഷ്ണമേനോന്റെയും തങ്കപ്പമേനോന്റെയും. മാസം നാലു രൂപ കിട്ടും. അത് അപ്പന്റേ കൊടത്ത് അതിൽനിന്ന് രണ്ടേകാൽ അണ ചോദിച്ചുവാങ്ങും. സിനിമ കാണാൻ. സിനിമയിലെ പാട്ടുകളൊക്കെ പാടും. അങ്ങനെയാണു കലയോടു മോഹം തോന്നിയത്.
അന്ന് കുതിരവണ്ടിയിൽ ബാൻഡുമായി റോന്തുചുറ്റും നാടകത്തിന്റെ പ്രചാരണാർഥം. അതിനൊപ്പം പിന്നാലെ പോകും. രാവിലെമുതൽ വൈകുന്നേരംവരെ. അങ്ങനെയാണു സംഗീത വാസനയുണ്ടായത്.
പൂരപ്പറന്പിലെ നാടകംകളി, മ്മ്ടെ തൃശൂരില്
1970ൽ ഒരു പൊതുവാൾമാഷുണ്ടായിരുന്നു, പാറമേക്കാവിലെ കാഷ്യർ. അദ്ദേഹത്തോടു ചോദിച്ചു. ഞാനൊരു നാടകക്കാരനാണ്, എനിക്കു നാടകം കളിക്കാൻ അവസരം തരോ…
എന്ത് നാടകാ…
ഞാൻ പറഞ്ഞു, തമാശനാടകാ. ന്തൂട്ട് തമാശ്യാ… നല്ല തമാശ്യാ.
എത്രസമയാ… ഒന്നര മണിക്കൂർ. ഹൊ! സമയം കൂടുമോ…
ഇല്ല, അത്രേം വേണം.
ആ കളിച്ചോളൂ, നാളെ കളിച്ചോളൂ.. എന്താ എഴുതിവയ്ക്കേണ്ടേ…
ജോസ് പായമ്മൽ അവതരിപ്പിക്കുന്ന നാടകം.
അത്രേം മതിയോ… മതി, എന്നെ അങ്ങനെയാ അറിയാ…
വൈകുന്നേരം തുടങ്ങാൻ സമയത്തു ഞാൻ പറഞ്ഞു, പൊതുവാൾസാറെ, ഒന്നുവന്നു കാണൂ.
ആ ഞങ്ങളു വരാം, ഞാന് മാത്രല്ല സെക്രട്രീം വരും.
നാടകം കഴിഞ്ഞ് എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപതരും, തുടർച്ചയായി കളിക്കാവോ… കളിക്കാം. അങ്ങനെ തുടങ്ങിയതാണ്. അയ്യായിരം രൂപവരെയായി. അങ്ങനെ 1,882 നാടകം കളിച്ചു. അതൊരിക്കൽ ഒരാൾ പറഞ്ഞു “നീ ഗിന്നസ് ബുക്കിലേക്കൊന്നെഴുതടാ.. അതൊരു വലിയ സംഭവമല്ലേ’. അങ്ങനെ അവിടേക്ക് കത്തയച്ചു. നിങ്ങൾക്ക് ഉടനേ വേണോ. അങ്ങനെയെങ്കിൽ ഇരുപത്തഞ്ചായിരം ഡോളർ വേണം.
“അവരുടെ അപ്പനും അമ്മയ്ക്കും വിളിക്കേണ്ടതായിരുന്നു ഞാൻ’ (ഭാവപ്രകടനത്തോടെ ജോസ് പായമ്മൽ).
അതോണ്ട് ഒരു കാര്യവുമില്ല, ഗിന്നസ്ന്ന് വച്ചിട്ടെന്താ കാര്യം, പത്തുപൈസ കിട്ടുന്നുണ്ടോ. അതല്ലാതെതന്നെ പേരു കിട്ടുന്നുണ്ട്. ജോസ് പായമ്മൽന്ന് പറഞ്ഞാ എല്ലാവരും അറിയും.
ഡൽഹിയിൽവരെ സ്വീകരണം ലഭിച്ചു. അന്ന് ഒാംചേരി പറഞ്ഞു “”മിസ്റ്റർ ജോസ്… ഞാൻ ഒരുപാട് നാടകങ്ങൾ എഴുതിയിട്ടുള്ള ആളാണ്. പക്ഷേ ഇങ്ങനെയൊരു നാടകം എന്റെ ജീവിതത്തിൽ ആദ്യമാണ്. ഇൗ നാടകം നിങ്ങളുടെ മനസിലേയുള്ളൂ. ബാക്കിയുള്ളവർക്കെല്ലാം നിങ്ങൾ പറഞ്ഞുകൊടുത്തതാണ്. അതല്ലേ നിങ്ങൾ ചെയ്തത്. ഇത് ലൈഫാണ്. എനിക്കു വളരെ ഇഷ്ടമായി”.
തുടരും….
ടി.എ. കൃഷ്ണപ്രസാദ്