സ്വന്തം ലേഖകൻ
പാലാവയല്: മഴയായാലും മഞ്ഞായാലും ലോക്ഡൗണ്‍ കാലമായാലും എന്നും കര്‍മനിരതനായി പാലാവയല് ടൗണിനൊരു സൂക്ഷിപ്പുകാരനുണ്ട്.
അതിരാവിലെ നാലരയ്ക്ക് എഴുന്നേറ്റ് പ്രഭാതസവാരി കഴിഞ്ഞ് കൈലി മടക്കിക്കുത്തി കൈയില്‍ നീളമുള്ള ചൂലും തൂമ്പായും പ്ലാസ്റ്റിക് വട്ടിയുമായി സേവനത്തിനിറങ്ങും.
ഒന്നര മണിക്കൂറോളം സമയമെടുത്ത് സ്വന്തം വീട്ടുമുറ്റമെന്ന പോലെ ടൗണെല്ലാം അടിച്ചുതൂത്ത് വൃത്തിയാക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ചുവച്ച് റീസൈക്കിള്‍ ചെയ്യുന്നതിനായി കളക്ഷന്‍ വരുന്നവരെ ഏല്പിക്കും. കടലാസും മറ്റും കത്തിച്ചുകളയും.
മഴക്കാലത്ത് ഓവുചാലില്‍ വന്നുനിറഞ്ഞ് ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മലിനവസ്തുക്കളും പെറുക്കിമാറ്റും.
കോവിഡ് കാലം തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും അഞ്ചോ അതിലധികമോ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മാസ്കുകള്‍ റോഡരികിലുണ്ടാകും. അവയും എടുത്തുമാറ്റി യഥാവിധി സംസ്കരിക്കും.
ഇതെല്ലാം സ്വമനസാലേ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ്. ശരിക്കുള്ള ജോലി തുടങ്ങുന്നത് ഇതിനു ശേഷമാണ്. രാവിലെ എട്ടരയോടെ സേവനമെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും ആ ജോലിക്ക് പുറപ്പെടാനുള്ള നേരമായി.
നാട്ടിലെ ഒരുപാടുപേരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന സാമാന്യം ഉത്തരവാദിത്വമുള്ളൊരു ജോലിയാണ്.
നാട്ടുകാര്‍ ജെപി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ മനുഷ്യന് ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയാണ്.
ജെപി എന്ന് കേള്‍ക്കുമ്പോള്‍ ആരായാലും ആദ്യം ഓര്‍ത്തുപോവുക സാമൂഹ്യസേവനത്തിനുള്ള വഴികളിലൊന്നായി മാത്രം രാഷ്ട്രീയത്തെ കണ്ട ലോക്നായക് ജയപ്രകാശ് നാരായണിനെയാണ്.
ജില്ലയില്‍ ഏറ്റവുമധികം ആസ്തിയും ഇടപാടുകളുമുള്ള ബാങ്കുകളിലൊന്നിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴും സ്വന്തം വീടിന്റെ പരിസരത്തുള്ള പട്ടണപ്രദേശം സ്വയം അടിച്ചുതൂത്തു വൃത്തിയാക്കാൻ ഒരു മടിയും കാണിക്കാത്ത സേവന മനോഭാവമാണ് ഇവിടെ ജോസ് പ്രകാശ് എന്ന ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഡെങ്കിപ്പനിയും കോവിഡുമെല്ലാം പിടിമുറുക്കുന്ന കാലത്തും പാലാവയല് പട്ടണം മാലിന്യ പ്രശ്നങ്ങളില്ലാതെ ശുചിത്വത്തോടെയും തെളിമയോടെയും നിലനില്‍ക്കുന്നത് വലിയൊരളവു വരെ ഈ മനുഷ്യന്റെ ആത്മാര്‍ഥസേവനം കൊണ്ടാണ്.
പട്ടണം വൃത്തിയാക്കിവെക്കുന്നതില് ഒതുങ്ങുന്നതല്ല ജോസ് പ്രകാശിന്റെ വ്യക്തിത്വവും സാമൂഹ്യസേവനവും. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസ് പ്രകാശ് വിവാഹവും മരണവുമുള്‍പ്പെടെ നാട്ടിലെ എല്ലാ സാമൂഹിക കൂട്ടായ്മകളിലും നിറസാന്നിധ്യമാണ്.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായുള്ള പ്രവര്‍ത്തനങ്ങളിലും സ്വന്തം നിലയിലും ബാങ്ക് സെക്രട്ടറിയെന്ന നിലയിലും സജീവമാണ്.
ഭാര്യ സെലിനും വിദ്യാര്‍ഥികളായ മക്കള്‍ സെബിനും ഫെബിനും ഫെമിനയും കുടുംബനാഥന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.