ചാലക്കുടി: മൂന്നു വർഷത്തെ അധ്വാനത്തിലൂടെ സൃഷ്ടിച്ച ജോസേട്ടന്റെ കലാരൂപങ്ങൾ ഇനി ജീവകാരുണ്യത്തിനുള്ള ധനസമാഹരണത്തിന്.
മുൻ ചാലക്കുടി നഗരസഭ ജീവനക്കാരനും സൈക്കോളജിസ്റ്റുമായ ജോസ് കാവുങ്ങലാണ് തന്റെ 300ലേറെ കളിമണ്ണിൽ തീർത്ത കലാരൂപങ്ങൾ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി നൽകിയത്.
നേരത്തെ ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ജോസ് ഡെപ്യൂട്ടേഷനിൽ അഞ്ചു വർഷം ചാലക്കുടി നഗരസഭയിൽ പെൻഷൻ വിഭാഗത്തിൽ ക്ലർക്കായ് ജോലി ചെയ്തിരുന്നു.
2018-ൽ ജോലിയിൽ നിന്നും വിരമിച്ച ഇദ്ധേഹം, ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള ലക്ഷ്യം മനസിൽ കരുതിയാണ് തന്റെ കലാ കരവിരുതിന് തുടക്കം കുറിച്ചത്.
ഏകദേശം പത്തു ലക്ഷം രൂപ വിലമതിക്കാവുന്ന മനോഹരമായ കളിമണ്‍ ശില്പങ്ങളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് നൽകിയിരിക്കുന്നത്.
നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി പാർക്കിൽ ഈ കലാരൂപങ്ങൾ ലേലം ചെയ്യും. ലേലത്തിൽ സമാഹരിക്കുന്ന തുക പൂർണമായും നിർധന രോഗികൾക്ക് ചികിത്സാ സഹായത്തിനു നൽകും.
ഈ മഹനീയ കർമത്തിന് ഏവരുടേയും സഹകരണവും സാന്നിധ്യവും നഗരസഭ ചെയർമാൻ വി.ഒ. പെെലപ്പൻ അഭ്യർത്ഥിച്ചു.