പാലാ: ഓട്ടോറിക്ഷയിൽ കയറി സാധാരണക്കാരനിലൊരുവനായി പാലായിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോം പാലാ ടൗണിന്റെ മുക്കിലും മൂലയിലും വോട്ടഭ്യർഥിച്ചു. കൈതച്ചക്കയുമായി സ്ഥാനാർഥിയെ സ്വീകരിക്കാൻ മുന്നിൽ നിൽക്കുന്ന വോട്ടർമാർ പാലായിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു.
കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന പാലായിൽ ജോസ് ടോമിന്റെ സ്ഥാനാർഥിത്വം ശരിയെന്ന് ഉറപ്പിക്കുന്ന പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ആദ്യഘട്ട പ്രചാരണം പൂർത്തിയാകുന്പോൾ നേതാക്കളും പ്രവർത്തകരും പറഞ്ഞു.
പാലാ ടൗണിലും പ്രദേശങ്ങളിലും പ്രചാരണത്തിനായി എത്തിയ സ്ഥാനാർഥി ജോസ് ടോം ഇന്നലെ ഓട്ടോ ഡ്രൈവർമാർക്കൊപ്പമാണ് കൂടുതൽ സമയവും ചെലവഴിച്ചത്. അതിരാവിലെ തന്നെ പാലായിൽ എത്തിയ സ്ഥാനാർഥി മരണവീടുകളിലും കല്യാണവീടുകളിലുമാണ് സന്ദർശനം നടത്തിയത്.
തുടർന്ന് പാലാ ടൗണിൽ എത്തിയ സ്ഥാനാർഥിയെ ഓട്ടോഡ്രൈവർമാർ ചേർന്ന് സ്വീകരിച്ചു. ഓട്ടോറിക്ഷയിൽ കയറ്റിയ സ്ഥാനാർഥിയെ എല്ലാ ഓട്ടോസ്റ്റാൻഡുകളിലും എത്തിച്ചു വോട്ടഭ്യർഥിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം വിവിധ സ്ഥലങ്ങളിലെ കുടുംബമേളകളിലും പ്രചാരണ പ്രവർത്തനങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തു.സ്ഥാനാർഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം നാളെ രാവിലെ ഒൻപതിന് കൊഴുവനാലിൽ ആരംഭിക്കും.
ഭവനസന്ദർശനവുമായി നേതാക്കളുടെ ഭാര്യമാരും
പാലാ: യുഡിഎഫ് വനിതാ നേതാക്കളുടെ ഭവന സന്ദർശന പരിപാടി മുത്തോലി, തലനാട് പഞ്ചായത്തുകളിൽ നടന്നു. സ്ഥാനാർഥി അഡ്വ. ജോസ് ടോമിന്റെ ഭാര്യ ജെസി ജോസ്, ജോസ് കെ. മാണി എം പിയുടെ ഭാര്യ നിഷ, തോമസ് ചാഴികാടൻ എംപിയുടെ ഭാര്യ ആൻ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, പ്രാദേശിക വനിതാ നേതാക്കൾ എന്നിവർ ചേർന്നാണ് ഭവന സന്ദർശന പരിപാടി നടത്തിയത്.
ജോസ് ടോമിന് മരിയസദനത്തിൽ ഓണസദ്യ
പാലാ: ജോസ് ടോം ഈ ഓണത്തിന് തന്നെ ക്ഷണിച്ചിരുന്ന ആരെയും നിരാശപ്പെടുത്തിയില്ല. പ്രവർത്തകരോടൊപ്പം നിരവധി സ്ഥലങ്ങളിൽ സദ്യകളിൽ പങ്കാളിയായി. പാലാ മരിയസദനത്തിൽ അന്തേവാസികളോടൊപ്പവും ഓണസദ്യ കഴിച്ചു.ബാക്കി സമയം പ്രചാരണത്തിൽ പങ്കെടുത്തു.