കോലഞ്ചേരി: അച്ഛന്റെ ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റു കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് വേദനകളൊഴിഞ്ഞു പുതുജീവിതത്തിലേക്ക്.
ശസ്ത്രക്രിയ ഉൾപ്പെടെ പതിനേഴു ദിവസം നീണ്ട ചികിത്സകൾക്കുശേഷം തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പാൽപുഞ്ചിരി സമ്മാനിച്ചു കുഞ്ഞ് ഇന്നലെ ആശുപത്രി വിട്ടു.
കഴിഞ്ഞ മാസം 18നാണ് കുഞ്ഞിനെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്കമാലിയിലെ വാടകവീട്ടിൽ അച്ഛൻ എടുത്തെറിഞ്ഞതിനെത്തുടർന്ന് 54 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിരുന്നു.
സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ ഡോക്ടർമാർ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ജനിച്ചതു പെൺകുഞ്ഞായതിനാലും പിതൃത്വത്തിലുള്ള സംശയവുമാണ് കുഞ്ഞിനെ ആക്രമിക്കാൻ അച്ഛനെ പ്രേരിപ്പിച്ചത്.
കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നു ചികിത്സയ്ക്കു നേതൃത്വം വഹിച്ച മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് പറഞ്ഞു. കുഞ്ഞിനെയും നേപ്പാൾ സ്വദേശിയായ അമ്മയെയും വനിതാ കമ്മീഷന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും നിര്‍ദേശത്തോടെ പുല്ലുവഴിയിലെ മാതൃ, ശിശു പരിചരണ കേന്ദ്രമായ സ്നേഹ ജ്യോതിയിലേക്കു മാറ്റി.
കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച ഭർത്താവിനോടും കുടുംബത്തോടുമൊപ്പം തുടര്‍ന്നു താമസിക്കില്ലെന്നാണ് അമ്മയുടെ തീരുമാനം. കേസന്വേഷണം പൂര്‍ത്തിയായശേഷം ഇവർക്കു നേപ്പാളിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കുമെന്നു ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ പറഞ്ഞു.